
അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും ത്രില്ലര്‍പോര് കണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബിനോട് പൊരുതി തോറ്റ് ഗുജറാത്ത്.പഞ്ചാബ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.ഇമ്പാക്ട് പ്ലെയറായി ഇറങ്ങി മികച്ച ബൗളിങ്ങ് കാഴ്ച്ചവച്ച വിജയകുമാര്‍ വൈശാഖിന്റെ ഓവറുകളാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.മൂന്നോവറില്‍ 28 റണ്‍സ് മാത്രമാണ് വൈശാഖ് വഴങ്ങിയത്.ഇതോടെ ഗുജറാത്തിന് സ്വന്തം കാണികളുടെ മുന്നില്‍ സീസണ്‍ തോറ്റ് തുടങ്ങേണ്ടി വന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് മിന്നും തുടക്കം ലഭിച്ചെങ്കിലും തിരിച്ചടി നേരിട്ടു.പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍.14 ഓവറില്‍ 169 റണ്‍സിന് രണ്ട് എന്ന നിലയിലായിരുന്ന ഗുജറാത്തിന്, പിന്നീടുള്ള ആറോവറില്‍ വേണ്ടിയിരുന്നത് 74 റണ്‍സ്.പക്ഷേ, തുടര്‍ന്നുള്ള ഓവറുകളില്‍ വിജയ്കുമാര്‍ വൈശാഖും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് വലിയ റണ്‍സ് വിട്ടുകൊടുക്കാതിരുന്നതോടെ ഗുജറാത്തിന് പരാജയം സമ്മതിക്കേണ്ടിവന്നു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. രാഹുല്‍ തെവാട്ടിയ റണ്ണൗട്ടായി.41 പന്തില്‍ 74 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 33 പന്തുകള്‍ നേരിട്ട് 54 റണ്‍സ് നേടി. ഇംപാക്ട് പ്ലെയറായെത്തിയ ഷെര്‍ഫാന്‍ റഥര്‍ഫോഡ് 24 പന്തില്‍ 38, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 14 പന്തില്‍ 33 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു.
അദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ശ്രേയസ് അയ്യരുടെയും ശശാങ്ക് സിങ്ങിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തത്.42 പന്തുകള്‍ നേരിട്ട പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്‍പതു സിക്സുകളും അഞ്ച് ഫോറുകളുമുള്‍പ്പടെ 97 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 16 പന്തുകളില്‍നിന്ന് ശശാങ്ക് സിങ് 44 റണ്‍സെടുത്തു.ഐപിഎലില്‍ പഞ്ചാബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ടോട്ടലാണിത്.
തകര്‍പ്പന്‍ തുടക്കമായിരുന്നു പഞ്ചാബിന്റേത്.അരങ്ങേറ്റക്കാരന്‍ പ്രിയാംശ് ആര്യ ഓപ്പണറായി ഇറങ്ങി മിന്നുന്ന തുടക്കം നല്‍കിയത് ടീമിന് ബലമുള്ള അടിത്തറ നല്‍കി.23 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 47 റണ്‍സ് നേടിയ പ്രിയാംശ് റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.അര്‍ഷദ് ഖാന്റെ ഒരോവറില്‍ 20 റണ്‍സ് അടക്കം നേടി പ്രിയാംശ് വലിയ ശ്രദ്ധ പിടിച്ചുപറ്റി.ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് (5) പഞ്ചാബ് നിരയില്‍ ആദ്യം മടങ്ങിയത്.
പിന്നീട് വണ്‍ ഡൗണായെത്തിയ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനു ചേര്‍ന്ന പ്രകടനം കാഴ്ചവെച്ചു.കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ വിജയനായകനായ അയ്യര്‍, തനിയാവര്‍ത്തനമെന്നപോലെ പഞ്ചാബ് കിങ്‌സിലും പ്രകടനം തുടര്‍ന്നപ്പോള്‍ ടീമിന് വലിയ ടോട്ടല്‍ ലഭിച്ചു. പത്തോവറില്‍ 104 റണ്‍സെന്ന നിലയില്‍ കെട്ടിപ്പടുക്കാന്‍ പഞ്ചാബിനായി.14-ാം ഓവറില്‍ റാഷിദ് ഖാനെ സിക്‌സിനു പറത്തി സ്റ്റൈലിഷായാണ് അയ്യര്‍ ഫിഫ്റ്റി തികച്ചത്.അര്‍ധ സെഞ്ചുറിക്കായി 27 പന്തുകളെടുത്തു.തുടര്‍ന്ന് നേടിയ 47 റണ്‍സിന് വേണ്ടിവന്നത് വെറും 15 പന്തുകള്‍.
അസ്മത്തുള്ള ഒമര്‍സായ് (16), ഗ്ലെന്‍ മാക്‌സ്വെല്‍ (0), മാര്‍കസ് സ്റ്റോയ്‌നിസ് (20) എന്നിങ്ങനെയാണ് മറ്റു സ്‌കോര്‍ നിലകള്‍. ഗുജറാത്തിനായി സായ് കിഷോര്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദ, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഏഴാമതായി ക്രീസിലെത്തിയ ശശാങ്ക് സിങ് കത്തിക്കളിച്ചതോടെ പഞ്ചാബ് സ്‌കോറിന് പിന്നെയും വേഗം കൂടി. 16 പന്തില്‍ പുറത്താവാതെ 44 റണ്‍സാണ് ശശാങ്ക് നേടിയത്. രണ്ട് സിക്‌സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. അവസാന 48 പന്തുകളില്‍ 135 റണ്‍സാണ് പഞ്ചാബിന്റെ സമ്പാദ്യം. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 28 പന്തില്‍ 81 റണ്‍സ് അടിച്ചെടുത്തു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 17-ാം ഓവറില്‍ 24 റണ്‍സും റാഷിദ് ഖാനെറിഞ്ഞ 18-ാം ഓവറില്‍ 20 റണ്‍സും സിറാജെറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സും അയ്യരും ശശാങ്കും ചേര്‍ന്ന് അടിച്ചെടുത്തു.