ഇടുക്കി:പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ പ്രതിക്കായി ഇരുട്ടിൽ തപ്പി പൊലീസ്. മൃതദേഹം മൂന്നാഴ്ചയിലധികം ആര്‍ക്കും ഒരു സൂചന പോലും നൽകാതെ അടുക്കളയിൽ ഒളിപ്പിച്ച ബിനോയ് ഒളിവിൽ കഴിയാനും അന്വേഷണം വഴിതെറ്റിക്കാനും പലപണികളും നോക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പണിക്കൻകുടി സ്വദേശി സിന്ധുവിനെ കാണാനില്ലെന്ന പരാതി കിട്ടിയ ഓഗസ്റ്റ് 15 മുതൽ ബിനോയ്ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. ഇയാളുടെ ഫോൺ തമിഴ്നാട്ടിലും പിന്നീട് തൃശ്ശൂരിലുമൊക്കെയായി പലകുറി ഓണ് ആയിരിന്നു. എന്നാൽ മൃതദേഹം കിട്ടിയ മിന്നാഞ്ഞ് മുതൽ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ആണ്. പ്രതികളെ പിടികൂടാൻ പൊലീസ് പൊതുവെ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് ബിനോയ്ക്ക് നല്ല ബോധ്യമുണ്ടെന്നും അതിനാൽ അത്തരം പഴുതുകളൊന്നും ഇയാൾ നൽകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്
പൊലീസിനും, ബന്ധുക്കൾക്കും അയൽവാസികൾക്കും ഒരു സൂചനയും നൽകാതെയാണ് മൂന്നാഴ്ചയിലധികം വീടിന്റെ അടുക്കളയിൽ സിന്ധുവിന്റെ മൃതദേഹം ഇയാൾ ഒളിപ്പിച്ചത്. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാനുള്ള പണികളും ചെയ്തു. ഇതിനേക്കാൾ തന്ത്രപരമായാണ് ഇപ്പോൾ ബിനോയിയുടെ ഒളിവ് ജീവിതമെന്നാണ് പൊലീസ് പറയുന്നത്.
ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. രണ്ട് ദിവസം കൂടി നോക്കി അന്വേഷണ സംഘം ഇനിയും വിപുലീകരണമെങ്കിൽ അതും ചെയ്യാനാണ് പൊലീസ് തീരുമാനം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങൾ ഇപ്പോൾ തന്നെ പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്.