പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര! യാത്രക്കിടെ തല റോഡില്‍ തെറിച്ചു വീണു
ചെന്നൈ: പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം. യാത്രയ്ക്കിടെ തല റോഡില്‍ തെറിച്ചുവീണതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം 34 കാരനായ രാജേഷ് ആണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈയ്ക്ക് സമീപത്ത് അലങ്കാട് റോഡില്‍ രാവിലെയോടെ അറുത്തെടുത്ത തല തെറിച്ചുവീണത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍നിന്നും രാജേഷിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. രാവിലെ പഞ്ചായത്ത് ഓഫിസിലേക്ക് എന്ന് പറഞ്ഞു വീട്ടില്‍ നിന്നും പോയതാണ് രാജേഷ്.
ഇതിനിടെ അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് നിഗമനം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡി എം കെയില്‍ ചേരുകയായിരുന്നു.