പാതിവൃത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി; ഭര്‍ത്താവ് വീഡിയോ പകര്‍ത്തി
മുംബൈ: പാതിവൃത്യം തെളിയിക്കാന്‍ ഭാര്യയെ അഗ്‌നിപരീക്ഷക്ക് വിധേയനാക്കി ഭര്‍ത്താവ്. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.
ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. നാലുദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. പരന്ത കച്ച്പുരി ചൗക്കില്‍ ബസ് കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു.
എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. ഇതോടെ പര്‍ഥി സമുദായത്തിന്റെ വിശ്വാസപ്രകാരം ഭാര്യയെ അഗ്‌നിപരീക്ഷക്ക് വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയില്‍ നിന്ന് അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിര്‍ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍ നിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് വിശ്വാസം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പകര്‍ത്തി. ‘എന്റെ ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്’ -ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നീലം ഗാര്‍ഹെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് നിര്‍ദേശം നല്‍കി.
https://twitter.com/i/status/1363146940108611587