ചെങ്ങന്നൂര്‍: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്ന് വൻ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ പത്തനംതിട്ട മെഴുവേലി പുത്തൻ പറമ്പിൽ ബിനു (മെഴുവേലി ബിനു-52) ശേഖരിച്ചു വെച്ചിരുന്ന 50 ഓളം ചാക്ക് ഹാൻസാണ് പിടി കൂടിയത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സിഐ വിപിനും പൊലീസ് സംഘവും ചേര്‍ന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ബിനു ബാങ്ക് റോബറി കേസിലും മറ്റു ക്രിമിനൽ കേസിലും പ്രതിയാണ്. ജില്ലയിലൂടനീളം ലഹരിവസ്തുവിന്റെ വ്യാപനം വ്യാപകമായി നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ ബിനുവും നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ കയ്യിലേക്ക് നിരോധിത ലഹരി വസ്തുക്കളെത്തി എന്ന് മനസിലാക്കുകയും തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു. സ്കൂളിനോട് ചേർന്ന് ഒരു വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ഇയാൾ ലഹരി വസ്തുക്കൾ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തി വരികയായിരുന്നു. ഇതിനു മുൻപും ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് പൊലീസിന്റെ പിടിയിലായിട്ടുണ്ട്.