മലയാളത്തിലെ പ്രമുഖ വിനോദ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിനെതിരെ നിയമ നടപടിക്കൊരുങ്ങി പള്ളിമണി എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. കലാസംവിധായകനായ അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിമണി. ഇതിന് വേണ്ടി തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ നിര്‍മിച്ച സെറ്റ് അനുവാദമില്ലാതെ ‘രാക്കുയില്‍’ എന്ന സീരിയലിന് വേണ്ടി ഉപയോഗിച്ചെന്നാണ് സംവിധായകന്‍ അനില്‍ കുമ്പഴ ആരോപിക്കുന്നത്.
അമ്പതു ലക്ഷം രൂപ മുതല്‍മുടക്കില്‍ സിനിമക്ക് വേണ്ടി ചിത്രാഞ്ജലിയില്‍ നിര്‍മിച്ച പള്ളിയാണ് സീരിയലിലെ സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീരിയലിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ പ്രതികരിച്ച് അനില്‍ കുമ്പഴ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വേദനിപ്പിച്ചെന്നും സീരിയലിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്നാണ് സംവിധായകന്‍ പറയുന്നത്. ”ഏകദേശം 15 ദിവസമെടുത്ത് നാല്‍പതോളം കലാകാരന്‍മാരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ പള്ളി. അത് ഈ സിനിമയ്ക്ക് എത്രത്തോളം പ്രാധാനപ്പെട്ടതാണെന്ന് ചിത്രം കണ്ടാലേ മനസിലാവുകയുള്ളു. ഇത് ശരിക്കും ചിത്രാജ്ഞലിക്കാരുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്.
ദിവസവാടകയും ടാക്സും കൊടുത്താണ് ഈ പള്ളി ഇവിടെ സെറ്റിട്ടിരിക്കുന്നത്. അപ്പോള്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചിത്രാജ്ഞലിക്കാണ്. ഈ സീരിയലിന്റെ പള്ളിയുള്ള ഭാഗം കട്ട് ചെയ്ത് കളയണം അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും,” അനില്‍ കുമ്പഴ പറഞ്ഞു. സീരിയലിന്റെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുതെന്നാണ് സംവിധായകന്റെ ആവശ്യം. ശ്വേതാ മേനോന്‍, നിത്യ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പള്ളിമണി എല്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. രാത്രിയില്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് പള്ളിമണി.
കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈക്കോ-ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന പള്ളിമണിയുടെ രചന നിര്‍വഹിക്കുന്നത് കെ.വി. അനിലാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല. നാരായണന്റെ വരികള്‍ക്ക് ശ്രീജിത്ത് രവി സംഗീതം നല്‍കിയിരിക്കുന്നു. വിനീത് ശ്രീനിവാസനാണ് ഗാനാലാപനം. മൂന്നു നിലകളുള്ള പള്ളിയുടെ നിര്‍മാണം ചിത്രാഞ്ജലിയില്‍ പൂര്‍ത്തിയായി വരികയാണ്.
കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം ബ്യൂസി ബി ജോണ്‍, മേക്കപ്പ് പ്രദീപ് വിതുര, എഡിറ്റിംഗ് ആനന്ദു എസ് വിജയി, സ്റ്റില്‍സ് ശാലു പേയാട്, ത്രില്‍സ് ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ സേതു ശിവാനന്ദന്‍. വാര്‍ത്താ പ്രചരണം സുനിത സുനില്‍.