KeralaNews

പലസ്തീൻ: സിപിഎമ്മിന്റെ റാലിയിൽ സമസ്ത പങ്കെടുക്കും, ലീഗും പങ്കെടുക്കേണ്ടതാണെന്ന്‌ ഉമർ ഫൈസി മുക്കം;യു.ഡി.എഫ് വിഷമവൃത്തത്തില്‍

കോഴിക്കോട്: സി.പി.ഐ.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കുമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ഇത്തരം വിഷയങ്ങളില്‍ ലീഗ് പങ്കെടുക്കണമെന്നും എന്നാല്‍ ലീഗ് പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് തുല്യതയില്ലാത്ത മര്‍ദ്ദനം നേരിടുന്നവരാണ് പലസ്തീന്‍ ജനത. നിരായുധരായ പലസ്തീന്‍ ജനതയെ അവരുടെ ഭൂമി കൈയേറി ആട്ടി ഓടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനില്‍ക്കുക എന്നുള്ളത് മനുഷ്യത്വമുള്ളവരുടെ കടമയാണ്. അതിനുവേണ്ടി ആര് നിന്നാലും അവരുടെ കൂടെ നില്‍ക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ബില്ലും, ഏക സിവില്‍കോഡും കൊണ്ടുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് സമസ്ത സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഏകസിവില്‍ കോഡ് വിഷയത്തിന് പിന്നാലെ പലസ്തീന്‍ ഐക്യാദാര്‍ഢ്യത്തിലും സിപിഎം നീക്കം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏക സിവില്‍ കോഡില്‍ സിപിഎം ലീഗിനെ ഇങ്ങോട്ടേക്ക് ക്ഷണിക്കുകയായിരുന്നെങ്കില്‍ പലസ്തീന്‍ വിഷയത്തില്‍ ലീഗ് അങ്ങോട്ട് ക്ഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരിക്കല്‍ കൂടി സിപിഎം പരിപാടിയില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ മുസ്‌ലിംലീഗ് നാളെ യോഗം ചേരും.

ഏക സിവില്‍കോഡിനെതിരായ സെമിനാറില്‍ കോണ്‍ഗ്രസിന് ക്ഷണമില്ലാത്തതിന്റെ കാരണം പറഞ്ഞാണ് സിപിഎം ക്ഷണം ലീഗ് തള്ളിയത്. ഇത്തവണയും കോണ്‍ഗ്രസിന് ക്ഷണമില്ല. എന്നാല്‍ സ്ഥിതി സമാനമല്ല, ലീഗ് നേതാക്കള്‍ അങ്ങോട്ട് ആവശ്യപ്പെട്ട് ക്ഷണം വാങ്ങിയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നും സമസ്തയില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. ഒപ്പം കെ.സുധാകരന്റെ പ്രസ്താവനയും ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

യുഡിഎഫിനെ അസ്വസ്ഥമാക്കി കൊണ്ട് പ്രചാരണ പരിപാടികളില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയസ്വാധീനമുറപ്പിക്കാന്‍ സാധിച്ചത് സിപിഎം നേട്ടമായി കാണുന്നു. ഇതിനിടെ ലീഗിനെ സിപിഎം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് തടയാനുള്ള നീക്കങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്. നേരത്തെ ഏക സിവില്‍ കോഡ് ഘട്ടത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഇടപ്പെട്ടാണ് ലീഗിനെ പിന്തിരിപ്പിച്ചിരുന്നത്.

ന്യൂനപക്ഷ പ്രധാന്യമുള്ള വിഷയങ്ങളോട് സമീപകാലത്തായി സിപിഎം സ്വീകരിക്കുന്ന നിലപാടുകളോട് സമുദായത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് പ്രധാനമായും മുസ്‌ലിംലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. പൗരത്വവിഷയത്തില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎമ്മിനോടുള്ള സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായത്. പാര്‍ട്ടിക്കതുണ്ടാക്കിയ ക്ഷീണം തെല്ലൊന്നുമല്ല. പൗരത്വ വിഷയം ഏറ്റെടുക്കുന്നതില്‍ സിപിഎം നേട്ടമുണ്ടാക്കിയെന്നും ഇത് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം മടിച്ചത് മുന്നണിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും ലീഗിന്റെ വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഏക സിവില്‍കോഡ് സെമിനാറില്‍ സിപിഎം ക്ഷണമുണ്ടായപ്പോള്‍ ഒറ്റയടിക്ക് തള്ളാന്‍ ലീഗിന് കഴിയാതിരുന്നത്. മുന്നണി ബന്ധത്തിലുണ്ടാകുന്ന പ്രയാസം ചൂണ്ടിക്കാട്ടി സ്‌നേഹപൂര്‍വ്വമാണ് അന്ന് ലീഗ് ക്ഷണം തള്ളിയത്.

പലസ്തീന്‍ വിഷയത്തില്‍ സമൂഹത്തിലുയര്‍ന്നിട്ടുള്ള പ്രതിഷേധവും ഐക്യദാര്‍ഢ്യ പ്രചാരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നുവെന്ന വിലയിരുത്തലുമാണ് സിപിഎം പരിപാടിയില്‍ പങ്കെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

കൂടാതെ ലീഗ് കഴിഞ്ഞ ആഴ്ച കോഴിക്കോട്ട്‌ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുണ്ടായ ക്ഷീണംകൂടി ലീഗിന് തീര്‍ക്കേണ്ടതുണ്ട്.

മലപ്പുറത്ത് വെള്ളിയാഴ്ച നടത്താനിരുന്ന ആര്യാടന്‍ ഫൗണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമായിട്ടാണ് കെപിസിസി വിലക്കിയതെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വരുന്നതെന്ന സിപിഎം പ്രചാരണവും യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നവംബര്‍ 11-നാണ് സിപിഎം കോഴിക്കോട്ട്‌ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോടെയാണ് സിപിഎം റാലി രാഷ്ട്രീയ ചര്‍ച്ചയിലേക്ക് വരുന്നത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നതില്‍ തടസ്സമില്ല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറയുകയുണ്ടായി.

തൊട്ടുപിന്നാലെ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎം വ്യക്തമാക്കുകയുണ്ടായി. മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അവരെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കി.

‘ഏകസിവില്‍ കോഡ് വിഷയത്തില്‍ വളരെ ആത്മാര്‍ത്ഥമായി ക്ഷണിച്ചെങ്കിലും അവര്‍ പ്രയാസം അറിയിച്ചു. ആ പ്രയാസം ഞങ്ങള്‍ മനസിലാക്കി. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ വീണ്ടും പ്രയാസം ഉണ്ടാകും എന്ന് കരുതിയാണ് ക്ഷണിക്കാതിരുന്നത്. ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് ലീഗ് നേതൃത്വം പറഞ്ഞത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആ നിലപാടില്‍ സന്തോഷം. ലീഗിനെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം’ പി.മോഹനന്‍ പറഞ്ഞു. പിന്നാലെ ഇന്ന് ലീഗിന് ക്ഷണം ഔദ്യോഗികമായി ലഭിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പാര്‍ട്ടി നാളെ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. സിപിഎം റാലിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന തരത്തിലാണ് പി.എം.എ സലാമും പ്രതികരിച്ചത്. അതേ സമയം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ആലോചിക്കാതെ പ്രതികരണം നടത്തിയതിലുള്ള അതൃപ്തി എം.കെ.മുനീര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

അതേ സമയം ഇത് സംബന്ധിച്ച് കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കള്‍ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കവെ അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്നുകരുതി ഇപ്പോഴേ കുരയ്ക്കണോ എന്ന സുധാകരന്റെ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകരന്‍ മുന്‍പും ഇത്തരത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തിയതിലുള്ള അതൃപ്തി പ്രകടമാക്കി. അതേ സമയം തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ച് കെ.സുധാകരന്‍ രംഗത്തെത്തി. സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില കൂലി എഴുത്തുകാരും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീംലീഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker