25.8 C
Kottayam
Friday, March 29, 2024

പാലരുവിയ്ക്ക് നിറഞ്ഞ മനസ്സോടെ ഏറ്റുമാനൂരിൽ സ്വീകരണം, സ്ഥിരമാക്കാൻ എന്താണ് തടസമെന്ന് യാത്രക്കാർ

Must read

ഏറ്റുമാനൂർ :അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് താത്ക്കാലിക സ്റ്റോപ്പ്‌ അനുവദിച്ച പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂർ സ്ഥിരയാത്രക്കാരുടെ പ്രാർത്ഥനയുടെയും നിവേദനങ്ങളുടെയും നെടുവീർപ്പുകൾ നിറഞ്ഞ സ്വീകരണം. സാധാരണ എറണാകുളത്ത് ഓഫീസ് സമയം പാലിക്കാൻ 06 25 ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന പാസ്സഞ്ചറിന് പോകാൻ പരക്കം പായുന്ന സ്ത്രീജനങ്ങൾക്ക് ഇന്ന് ഒരു മണിക്കൂർ അധികം ലഭിച്ചതിന്റെ സന്തോഷം അവരുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.

കോട്ടയത്ത് നിന്നും 12 മിനിറ്റ് വൈകി പുറപ്പെട്ട പാലരുവി എക്സ്പ്രസ്സ്‌ ഏറ്റുമാനൂർ സ്റ്റോപ്പ്‌ നെ ഒരു വിധത്തിലും ബാധിക്കാതെ എറണാകുളത്തെ ഷെഡ്യൂൾഡ് സമയമായ 09 20 ന് മുമ്പേ എത്തിച്ചേർന്നതും ശ്രദ്ധേയമായി. മറ്റു ട്രെയിനുകൾ കടന്നുപോകാൻ എറണാകുളം സ്റ്റേഷൻ ഔട്ടറിൽ മറ്റും പിടിച്ചിട്ടും 09 11 ന് എറണാകുളം കയറിയെന്നത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രികർക്ക് ശുഭപ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് തടസ്സമായ ഒരു പ്രതിബന്ധങ്ങളും ഇവിടെ ഇല്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ ദുരിതം തിരിച്ചറിഞ്ഞ് പാലരുവിയുടെ ഏറ്റുമാനൂർ സ്റ്റോപ്പ്‌ സ്ഥിരപ്പെടുത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഇവിടെയുള്ളവർ. പ്രശസ്തമായ അതിരമ്പുഴയിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നും നാളെയുമാണ് ഏറ്റുമാനൂർ പാലരുവിയ്ക്ക് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week