കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ സമയത്ത് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മകന്റെ പേരില്‍ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും ഇതു കള്ളപ്പണം ഉപയോഗിച്ചാണെന്നും ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. പാലത്തിന്റെ നിര്‍മാണം നടന്ന 2012-14 കാലയളവിലാണ് എറണാകുളത്ത് മകന്റെ പേരില്‍ 15 സെന്റ് ഭൂമി വാങ്ങിയത്. ഇതില്‍ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ്. ഇതില്‍ രണ്ടു കോടി രൂപ കള്ളപ്പണമാണെന്നു ചോദ്യം ചെയ്ത ഘട്ടത്തില്‍ സൂരജ് സമ്മതിച്ചു. 2012-14 കാലഘട്ടത്തില്‍ സൂരജ് പല ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിജിലന്‍സ് ആരോപിക്കുന്നു.