പാലായില്‍ അങ്കത്തിനൊരുങ്ങി ബി.ജെ.പി; ജില്ലാ പ്രസിഡന്റ് എന്‍ ഹരി മത്സരിച്ചേക്കും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയ്ക്കായി ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി തന്നെ മത്സര രംഗത്തിറങ്ങുമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം പാലായില്‍ വിജയിക്കണമെങ്കില്‍ എന്‍ഡിഎ കേരള കോണ്‍ഗ്രസ്സുകാരനെ തന്നെ രംഗത്തിറക്കണമെന്നാണ് പിസി തോമസും പിസി ജോര്‍ജ്ജും ആവര്‍ത്തിച്ചിരുന്നത്. രണ്ട് പേര്‍ക്കും ഈ സീറ്റില്‍ കണ്ണുള്ളത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തവണ സീറ്റ് വിട്ട് നല്‍കേണ്ട എന്നതു തന്നെയാണ് ബിജെപി ജില്ലാ ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ച് തെരഞ്ഞെടുപ്പിനുള്ള പ്രഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ബിജെപി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായി രംഗത്തിറങ്ങിയ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെത്തന്നെ ബിജെപി ഇത്തവണയും രംഗത്തിറക്കാനാണ് സാധ്യത. 2016ല്‍ മത്സരിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 24,821 ആയി ഉയര്‍ന്നിരുന്നു. പാലാ മണ്ഡലത്തിന്റെ ഭാഗമായ രാമുപുരം, തലപ്പാലം, എലിക്കുളം പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് നല്ല സ്വാധീനമുണ്ട്. പോരാത്തതിന് പിസി ജോര്‍ജ്ജിന് സ്വാധീനമുള്ള പൂഞ്ഞാറിന്റെ ഭാഗമായ പഞ്ചായത്തുകളും മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പിസി തോമസിന് 26,000-ത്തിലേറെ വോട്ടാണ്പാലായില്‍ ലഭിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂവായിരത്തോളം വോട്ടിന്റെ വര്‍ദ്ധനവാണിത്. ഇടത് മുന്നണിയും എന്‍ഡിഎയും തമ്മില്‍ പാലായിലുണ്ടായ അന്തരം കേവലം 7000 വോട്ടിന്റേത് മാത്രമാണ്. ഈ മാസം 30ന് തന്നെ എന്‍ഡിഎ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.