ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ ലാഹോറില്‍ നിന്ന് പുറപ്പെട്ട ടീം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിയത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം അവസാന നിമിഷം പരിഹരിക്കപ്പെട്ടതിന് ശേഷമാണ് ബാബര്‍ അസമും സംഘവും ഇന്ത്യയിലെത്തിയത്. നീണ്ട ഏഴ് വര്‍ഷത്തെ ഇടേവളക്ക് ശേഷമാണ് പാകിസ്താന്‍ ടീം ക്രിക്കറ്റിനായി ഇന്ത്യയിലെത്തുന്നത്.
പാക് ടീമിന് ഇന്ത്യയില്‍ യാതൊരുവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. ‘എല്ലാ ടീമുകള്‍ക്കും മികച്ച സുരക്ഷ സുരക്ഷ നല്‍കുമെന്നും നന്നായി പരിപാലിക്കുമെന്നും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ടീമിന്റെ കാര്യത്തിലും വ്യത്യസ്തമായതൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല’, പിസിബി മാനേജ്‌മെന്റ് തലവന്‍ സാക്ക അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.
#WATCH | Telangana: Pakistan Cricket team arrives at Hyderabad airport, ahead of the World Cup scheduled to be held between October 5 to November 19, in India. pic.twitter.com/j1kFvqGJM2
— ANI (@ANI) September 27, 2023
2016ന് ശേഷം ആദ്യമായാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ 29ന് പാകിസ്താന്‍ ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര്‍ അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.