സൈന്യവും കൈവിട്ടു,പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിസന്ധിയിൽ
ഇസ്ലാമാബാദ്: സര്‍ക്കാറിന്‍റെ അനിവാര്യമായ പതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹര്‍ജി.
അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ പിരിച്ച് ഇമ്രാന്‍റെ പാളയത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കൊണ്ടുപിടിച്ച ശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്– നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നാണ് അനുനയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഇമ്രാന്‍ നല്‍കിയ സന്ദേശം. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹാരമില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇമ്രാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്‍റെ അഭിപ്രായം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാനോട് നിര്‍ദേശിച്ചതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
Pakistan is all set to host the historic OIC conference from today in the beautiful capital city Islamabad. Theme for the conference is "Building Partnerships for Unity, Justice & Development. PM Imran Khan will deliver the keynote address at the inaugural today #OICInPakistan pic.twitter.com/686v7g5A8T
— Faisal Javed Khan (@FaisalJavedKhan) March 21, 2022
Imran Khan's praise for the so-called "independent" Indian foreign policy is the most bizarre statement to date. India, particularly under Modi, has accused Pakistan of terrorism, opposed CPEC & hurt our interests globally. It has robbed Kashmiris of their statehood.
— Shehbaz Sharif (@CMShehbaz) March 21, 2022
മുതിർന്ന 3 ലഫ്റ്റനന്റ് ജനറൽമാരും ചേർന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവൻ ലഫ്. ജനറൽ നദീം അൻജും ഇമ്രാനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം പഖ്തൂഖ്വയിലെ റാലിയില്‍ ഇമ്രാന്‍ രംഗത്ത് വന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനെ ആക്രമിക്കാൻ യുഎസിന് പാക്കിസ്ഥാനിൽ താവളം അനുവദിക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം തനിക്കെതിരെ നീങ്ങുന്നത് എന്നാണ് ഇമ്രാന്‍ പറയുന്നത്.
ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ. എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ നോക്കുന്നത്. എന്നാൽ അത് വിജയിക്കുമോയെന്ന് പറയാറായിട്ടില്ല. അത്ര വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്.