പെർത്ത് : ട്വന്റി20 ലോകകപ്പിലെ ആദ്യ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് സിംബാബ്‌വെയുടെ മുന്നിൽ അടിപതറി. 131 റൺസ് വിജയലക്ഷ്യമുയർത്തിയ സിംബാബ്‍വെയോട് 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അവസാന മൂന്നു പന്തിൽ മൂന്ന് റൺസ് വിജയ ലക്ഷ്യവുമായി നിൽക്കെ പാക്കിസ്ഥാന്റെ മുഹമ്മദ് നവാസ് പുറത്തായതോടെ കളി പാക്കിസ്ഥാന് കൈവിട്ടു പോയി. മികച്ച ഫീൽഡിങ് പുറത്തെടുത്ത സിംബാബ്‌വെ പാക്കിസ്ഥാനെ തളയ്ക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‍വെ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 130 റൺസെടുത്തത്. 28 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസെടുത്ത ഷോൺ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. വില്യംസിനു പുറമെ ഓപ്പണർമാരായ വെസ്‌ലി മാദ്‌ഹിവേരെ (13 പന്തിൽ 17), ക്യാപ്റ്റൻ കൂടിയായ ക്രെയ്ഗ് എർവിൻ (19 പന്തിൽ 19), ബ്രാഡ് ഇവാൻസ് (15 പന്തിൽ 19), റയാൻ ബേൾ (15 പന്തിൽ 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മൂന്ന് വിക്കറ്റ് എടുത്ത സിക്കന്തർ റാസയാണ് സിംബാബ്‌യ്ക്കുവേണ്ടി കൂടുതൽ വിക്കറ്റ് നേടിയത്. ബ്രാഡ് ഇവൻസ് രണ്ടും, ബ്ലെസിങ് മുസരാബാനി, ലൂക്ക് ജോങ്‌വെ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
38 പന്തിൽ 44 റൺസ് എടുത്ത ഷാൻ മസൂദ് ആണ് പാക്കിസ്ഥാനുവേണ്ടി. കൂടുതൽ റൺസ് നേടിയത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് 9 പന്തിൽ നാല് റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളു. മുഹമ്മദ് റിസ്‌വാൻ 16 പന്തിൽ നിന്ന് 14 റൺസും ഇഫ്തിഖർ അഹമ്മദ് 10 പന്തിൽ നിന്ന് 5 റൺസും ഷദബ് ഖാൻ 14 പന്തിൽ 17 റൺസും എടുത്തു. ഹൈദർ അലി ആദ്യപന്തിൽ റണ്ണൊന്നുമില്ലാതെ പുറത്തായി.
നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മുഹമ്മദ് വസിം ജൂനിയറാണ് പാക്കിസ്ഥാൻ ബോളർമാരിൽ തിളങ്ങിയത്. ഷതാബ് ഖാൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഹാരിസ് റൗഫിന്റെ പ്രകടനവും ശ്രദ്ധേയമായി.
സിംബാബ്‌വെയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന് ഇത് രണ്ടാം തോൽവിയാണ്.