നാണക്കേട്,ഇന്ത്യ തരിപ്പണം,പാകിസ്ഥാന് 10 വിക്കറ്റ് ജയം
ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് തകർപ്പൻ വിജയം.ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാൻ മറി കടന്നു.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനുമാണ് പാക് ജയം എളുപ്പമാക്കിയത്.46 പന്തുകൾ നേരിട്ട ബാബർ അസം രണ്ട് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്തു.മുഹമ്മദ് റിസ്വാൻ 55 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തിൽ പോലും പാകിസ്താൻ ബാറ്റ്സ്മാൻമാരെ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു.
തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ അർധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റൺസെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.49 പന്തുകൾ നേരിട്ട കോലി ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഷഹീൻ അഫ്രീദി രോഹിത് ശർമയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു രോഹിത്തിന്റെ മടക്കം.
പിന്നാലെ മൂന്നാം ഓവറിൽ ഷഹീൻ കെ.എൽ രാഹുലിനെയും (3) പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറിൽ താരത്തെ ഹസൻ അലി പുറത്താക്കിയതോടെ ഇന്ത്യൻ ആരാധകർ മറ്റൊരു ബാറ്റിങ് തകർച്ച മുന്നിൽ കണ്ടു. എട്ടു പന്തിൽ ഒരു സിക്സും ഫോറുമടക്കം 11 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച കോലി – ഋഷഭ് പന്ത് സഖ്യം 53 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. പക്ഷേ 13-ാം ഓവറിൽ പന്തിനെ മടക്കി ഷദാബ് ഖാൻ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 39 റൺസെടുത്താണ് പന്ത് മടങ്ങിയത്.
തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 13 പന്തിൽ 13 റൺസുമായി മടങ്ങി. കോലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർക്കാനും ജഡേജയ്ക്കായി. ഹാർദിക് പാണ്ഡ്യ എട്ടു പന്തിൽ നിന്ന് 11 റൺസെടുത്തു.
ഷഹീൻ അഫ്രീദിയാണ് പാകിസ്താനായി ബൗളിങ്ങിൽ തിളങ്ങിയത്. നാല് ഓവർ എറിഞ്ഞ താരം 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലി രണ്ടു വിക്കറ്റെടുത്തു.