
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിയോടെ സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റ പാകിസ്ഥാൻ ഇന്ത്യയോട് ആറ് വിക്കറ്റിനും തോറ്റു. ഇന്നലെ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ ജയിച്ചതോടെ സെമിയിലെത്താനുള്ള നേരിയ പ്രതീക്ഷയും അവസാനിച്ചു.
29 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യം ആതിഥേത്വം വഹിക്കുന്നൊരു ഐസിസി ടൂര്‍ണമെന്‍റില്‍ സെമി പോലും കാണാതെ പുറത്തായെന്ന നാണക്കേടിലാണ് പാകിസ്ഥാനിപ്പോള്‍.1996ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്‍റിന് വേദിയാവുന്നത്.
കഴിഞ്ഞ വര്‍ഷം ഗാരി കിര്‍സ്റ്റൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് മുന്‍ പേസറായ അക്വിബ് ജാവേദിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല പരിശീലനായി നിയമിച്ചത്. പിന്നീട് ഓസ്ട്രേലിയന്‍ മുന്‍ പേസറായ ജേസണ്‍ ഗില്ലെസ്പി ടെസ്റ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഈ ചുമതലയും അക്വിബ് ജാവേദിനായി.
നാട്ടില്‍ രണ്ട് വര്‍ഷമായി ടെസ്റ്റ് ജയിക്കാതിരുന്ന പാകിസ്ഥാന്‍ സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പിച്ചുകളൊരുക്കി ഏതാനും മത്സരങ്ങള്‍ ജയിച്ചതോടെ അക്വിബ് ജാവേദ് പരിശീലകനായി തുടരുകയായിരുന്നു.
ഇടക്കാല പരിശീലകനായ അക്വിബ് ജാവേദിന് പകരം സ്ഥിരം പരിശീലകരെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തേടുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും വെവ്വേറെ പരിശീലകര്‍ വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പദവി എപ്പോള്‍ വേണമെങ്കിലും തെറിക്കുമെന്നതിനാല്‍ വിദേശ പരിശിലകരാരും കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാനിടയില്ലെന്നാണ് സൂചന.അതുകൊണ്ട് തന്നെ മുന്‍താരങ്ങളിലാരെയെങ്കിലും പരിശീലകനാക്കി മുഖം രക്ഷിക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ശ്രമം.