KeralaNews

അധ്യാപനം കേവലം പഠിപ്പിക്കൽ മാത്രമല്ല, സ്വന്തം സ്കൂൾ പെയിന്റ് അടിയ്ക്കുക വരെ ചെയ്യുന്ന ഈ അധ്യാപികമാർ വേറെ ലെവലാണ്….

കോട്ടയം: സ്വന്തം സ്കൂളിനോടും കുട്ടികളാേടും ആത്മാർത്ഥത പ്രകടിപ്പിയ്ക്കുന്ന നിരവധി അധ്യാപകരാണ് പാെതു വിദ്യാലയങ്ങളിലുള്ളത്. അധ്യയനത്തിനും മറ്റു കാര്യങ്ങൾക്കുമൊപ്പം സ്കൂൾ കെട്ടിടം പെയിന്റ് കൂടി അടിച്ച അധ്യാപകരാണ് ഇപ്പോൾ താരങ്ങൾ . ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ് ബുക്കിലൂടെ ഇവരെ പരിചയെടുത്തിയിരിയ്ക്കന്നത്

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള തയ്യാറെടുപ്പുകൾ എങ്ങനെയൊക്കെ നടത്താം? സ്വന്തം പ്രൊഫഷനോട് അതിരറ്റ പ്രതിബദ്ധതയുള്ള അധ്യാപകർക്ക് പ്രത്യേകിച്ച് ഐഡിയയൊന്നും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങളിൽ തുടങ്ങി സ്കൂളിനും കുട്ടികൾക്കും വേണ്ടി അവരെന്തും ചെയ്യും? ഇതാ പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് L PS ലെ അധ്യാപകർ ഇതര വിദ്യാലയങ്ങൾക്ക് കണ്ണുംപൂട്ടി പകർത്താവുന്ന ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു.

നിശ്ചയിക്കപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം സ്കൂൾ പെയിന്റു ചെയ്യുന്ന ജോലിയും അവർ ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജി ടീച്ചറും സുബി ടീച്ചറുംഗീത ടീച്ചറും മിനി ടീച്ചറുമൊക്കെ തകർത്തു പെയിന്റു ചെയ്യുകയാണ്. മേൽനോട്ടത്തിന് ഹെഡ്മിസ്ട്രസ് കർമ്മലാകുസുമം ടീച്ചർ. പെയിന്റിനും പണിക്കൂലിയ്ക്കും സ്കൂൾ ബ്യൂട്ടിഫിക്കേഷന് അനുവദിച്ച പണം തികയില്ല. അതുകൊണ്ട് 4000 രൂപയ്ക്ക് പെയിന്റു വാങ്ങി. പെയിന്റു ചെയ്യാനുള്ള ഉത്തരവാദിത്തം ടീച്ചർമാർ ഏറ്റെടുത്തു.

ആരും നേരത്തെ ഈ പണി ചെയ്ത് പരിചയമുള്ളവരല്ല. അതുകൊണ്ട് പെയിന്റ് മിക്സിംഗും മറ്റു സാങ്കേതിക അറിവുകളും പെയിന്റു കടയിൽനിന്ന് സ്വായത്തമാക്കി. അതു സ്കൂളിൽ പ്രയോഗിച്ചു. രാവിലെ സ്കൂളിലേക്ക് വരുമ്പോൾ പണിക്കുപ്പായവും പൊതിഞ്ഞ് കൊണ്ടുവരും. അക്കാദമിക് ചുമതല കഴിഞ്ഞാലുടൻ വേഷം മാറും. പെയിന്റിംഗ് ആരംഭിക്കും. നാല് ദിവസത്തെ പണി കൂടി കഴിഞ്ഞാൽ പെയിന്റിംഗ് തീരും. പക്ഷേ, അങ്ങനെ അവസാനിപ്പിക്കാൻ രാജി ടീച്ചർ തയ്യാറല്ല. ചിത്രങ്ങൾ കൂടി വരച്ച് മനോഹരമാക്കാൻ പദ്ധതിയുണ്ട്.

ഈ ടീച്ചർമാർക്ക് അധ്യാപനം വെറുമൊരു ജോലിയല്ല. കുട്ടികളെയും സ്ഥാപനത്തെയും അവർ ആത്മാർത്ഥമായി സ്നേഹിക്കുന്നു. അത്തരമൊരു മനസിൽ നിന്നാണ് ഈ മുൻകൈ ഉണ്ടാകുന്നത്. മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയായി മാറിയ റാന്നി പെരുനാട് L PS ലെ അധ്യാപകർക്ക് എല്ലാ അനുമോദനങ്ങളും നേരുന്നു.

https://m.facebook.com/story.php?story_fbid=3394712847211499&id=209072452442237

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button