NationalNews

ഡൽഹി മദ്യനയക്കേസ്: അറസ്റ്റ്,പിന്നാലെ മാപ്പുസാക്ഷി, അടുത്തയാഴ്ച ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി നൽകിയത് 5 കോടി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മാപ്പ് സാക്ഷിയായി മാറിയ പി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് അഞ്ച് കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി സംഭാവനയായി നൽകി. കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ശരത് ചന്ദ്ര റെഡ്ഡി സംഭാവനയായി കോടികൾ നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഇലക്ടറൽ ബോണ്ട് രേഖകളിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.

2022 നവംബർ 10നാണ് മദ്യ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. നവംബർ 15 ന് അദ്ദേഹത്തിൻ്റെ കമ്പനിയായ അരബിന്ദോ ഫാർമ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.

പിന്നീട് അവയെല്ലാം 2022 നവംബർ 21-ന് ബിജെപിക്ക് നൽകുകയായിരുന്നു. അരബിന്ദോ ഫാർമ 52 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ആകെ വാങ്ങിയത്. ഇതിൽ 34.5 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്ക് ദേശം പാർട്ടിക്ക് 2.5 കോടി രൂപയും കമ്പനി സംഭാവന നൽകി.

2021 നവംബറിൽ നടപ്പിലാക്കി 2022 ജൂലൈ 30ന് ഡൽഹി സർക്കാർ പിൻവലിച്ച പുതിയ മദ്യനയത്തിൻ്റെ ഭാഗമായി ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ഇടപാടാക്കി നൽകുന്നതിന് ശരത് പ്രധാന പങ്കുവഹിച്ചു എന്നായിരുന്നു ഇ ഡിയുടെ ആരോപണം.

2023 ജൂൺ 1നാണ് ഡൽഹി കോടതി ശരത്തിനെ കേസിൽ മാപ്പ് സാക്ഷിയാക്കിയത്. ‘സൗത്ത് ഗ്രൂപ്പിലെ’ മറ്റ് രണ്ട് അംഗങ്ങളായ വൈഎസ്ആർ കോൺഗ്രസിൻ്റെ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയും അദ്ദേഹത്തിൻ്റെ മകൻ രാഘവും ഡൽഹി ആസ്ഥാനമായുള്ള വ്യവസായി ദിനേശ് അറോറയും പിന്നീട് കേസിൽ മാപ്പുസാക്ഷികളായി മാറിയിരുന്നു.

വൈഎസ്ആർ കോൺഗ്രസിൻ്റെ അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുമായി ബന്ധപ്പെട്ട കേസിലും നേരത്തെ ശരത്തിൻ്റെ പേര് ഉയർന്ന് വന്നിരുന്നു. 2012ൽ ജഗനെതിരായ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിലാണ് ശരത്തിൻ്റെ പേരുണ്ടായിരുന്നത്.

2006-ൽ ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനുമായുള്ള ഭൂമി വിൽപന കരാറുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കേസ്. ശരത് മാനേജിംഗ് ഡയറക്ടറായിരുന്ന ട്രൈഡൻ്റ് ലൈഫ് സയൻസസ് ലിമിറ്റഡാണ് ഈ കേസിൽ ഉൾപ്പെട്ടിരുന്നത്. കേസിൽ വിചാരണ ഇപ്പോഴും തുടരുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി. പിതാവ് പി വി രാം പ്രസാദ് റെഡ്ഡി സ്ഥാപിച്ച അരബിന്ദോ ഫാർമ ലിമിറ്റഡിൻ്റെ ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ് ശരത് ചന്ദ്ര റെഡ്ഡി.

ശരത് ചന്ദ്ര റെഡ്ഡിക്കൊപ്പം ‘സൗത്ത് ഗ്രൂപ്പിൻ്റെ ഭാഗമാണെന്ന് ഇ ഡി ആരോപിച്ച ബിആർഎസ് നേതാവ് കെ കവിതയെ ഇ ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ഡൽഹി മദ്യനയത്തിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് മാർച്ച് 15 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കവിതയെ അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എഎപിയുടെ രാജ്യസഭാ എംപി സജ്ഞയ് സിങ് എന്നിവര്‍ നിലവില്‍ ജയിലിലാണ്. ഡൽഹി സർക്കാർ നടപ്പിലാക്കിയ പുതിയ മദ്യനയത്തിൻ്റെ പേരിൽ കൈക്കൂലിയും അഴിമതിയും ഗൂഢാലോചനയും നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചുമെന്നുമാണ് സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker