തമിഴ് പഠിക്കാതെ പോയത് ഏറ്റവും വലിയ കുറ്റബോധം; തമിഴിനെ വാനോളം പൊക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തമിഴ് ഭാഷയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ തമിഴ് ഭാഷ പഠിക്കാതെ പോയതാണ് ഏറ്റവും വലിയ കുറ്റബോധമെന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് തമിഴ് ഭാഷയെ മോദി വാനോളം പുകഴ്ത്തിയത്. ലോകത്തിലെ ഏറ്റവും പഴയ ഭാഷയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മോഡിയുടെ തമിഴ് പരാമര്‍ശം.
പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കീ ബാത്തിലൂടെയാണ് തമിഴ് സാഹിത്യത്തെ അദ്ദേഹം പ്രശംസിച്ചത്. ഏപ്രില്‍ ആറിന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ‘തമിഴ്’ പരാമര്‍ശം എന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ എന്താണ് സാധിക്കാതെ പോയത് എന്ന ഒരു പ്രേക്ഷകയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ മറുപടി. അതൊരു കുറ്റബോധമാണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാന്‍ കഴിയാതെ പോയത്. അത് മനോഹരമായ ഒരു ഭാഷയാണ്. ലോകത്തില്‍ തന്നെ ശ്രദ്ധേയമായ ഭാഷ.
തമിഴ് സാഹിത്യത്തിന്റെ ഗുണങ്ങളും തമിഴ് കവിതയുടെ ആഴത്തെയും കുറിച്ച് നിരവധി പേര്‍ തന്നോട് പറഞ്ഞിട്ടുള്ളതായും അദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേയും പലപ്പോഴായി തന്റെ പ്രസംഗങ്ങളില്‍ മോഡി തമിഴ് കൂട്ടിച്ചേര്‍ക്കാറുണ്ട്. 2018 ല്‍ തമിഴ. സംസാരിക്കാന്‍ കഴിയാത്തതിലെ വിഷമം അദേഹം പൊതുവേദിയിലും തുറന്നു പറഞ്ഞിട്ടുണ്ട്.
ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തിലുടെ തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.