
കണ്ണൂർ: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് ഉയർന്നുവന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നതെന്നായിരുന്നു ആരോപണം. എതിർത്തും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്. രൂക്ഷ വിമർശനവുമായി പിസി ജോർജും രംഗത്ത് എത്തിയിരുന്നു. ഇത്രയും സുരക്ഷ പ്രശ്നങ്ങളുള്ള ആളാണെങ്കിൽ എന്തിനാണ് പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാക്കുന്നതെന്നായിരുന്നു പിസി ജോർജിന്റെ ചോദ്യം.
നാല് ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ കടത്തിലാണ് കേരളം. കേന്ദ്രത്തിൽ നിന്നും എടുക്കാവുന്ന കടത്തിന്റെ പരിധി കഴിഞ്ഞിരിക്കുന്നു. ശ്രീലങ്കയ്‌ക്ക് തുല്യമായ സാമ്പത്തിക ഞെരുക്കത്തിലാണ് ഇന്ന് കേരളം. അപ്പോഴും ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കാൻ നടക്കുകയാണ് പിണറായി വിജയൻ എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. സർക്കാർ നൽകുന്ന കാർ അല്ലെന്നും കാനം പറഞ്ഞു. കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചിരുന്നു. സഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജൻ രംഗത്ത് എത്തി.

പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബുള്ളറ്റ് പ്രൂഫ് വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘എൻ്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആർഎസ് എസുകാർ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എൻ്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിൻ്റെ ബാക്കിയാണ് ഇന്നും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന പി ജയരാജൻ. അതുകൊണ്ട് വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും’. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഖാദി എന്ന പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികൾ ഇന്ന് നിലനിൽക്കുന്നത് എൽഡിഎഫ് സർക്കാരിൻ്റെ പിന്തുണയോടെയാണ്. കൊവിഡ് മഹമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതിരുന്ന ഖാദി തൊഴിലാളികൾക്ക് ഇന്ന് അത് ലഭിക്കുന്നുണ്ട്. അത് സർക്കാരിൻ്റെ പിന്തുണയോടെ ബോർഡ് നടത്തിയ പ്രവർത്തന ഫലമായാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് ഖാദി തൊഴിലാളികൾക്ക് ഒരു കോടി മുപ്പതി രണ്ടു ലക്ഷം രൂപയാണ് പ്രത്യേക സഹായ ധനം അനുവദിച്ചത് സർവീസ് സംഘടനകളും സാമൂഹ്യ സംഘടനകളും നൽകിയ പിന്തുണയുടെ ഫലമായിയാണ് ഖാദി വസ്ത്ര വിപണനം ശക്തി പെട്ടത്. ഈ വിപണനം ക്രിസ്തുമസ് പുതു വർഷ വേളയിലും നടക്കും. വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് കാർ എന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പാവപെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോട് അഭ്യർത്ഥി ക്കുന്നത്.
വലതുപക്ഷ- വർഗീയമാദ്ധ്യമങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഭാവനാവിലാസങ്ങൾ മലയാളിയുടെ കണ്ണിൽ പൊടിയിടാനുള്ള വിഫലശ്രമങ്ങളാണ്. നിങ്ങൾക്കുള്ളതിലും സുപ്രധാനമായ ജാഗ്രത കേരളത്തിൻ്റെ സാമ്പത്തികനിലയെക്കുറിച്ചും ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ചും ഇടതുപക്ഷത്തിനുണ്ട്. അതിനാലാണ് ഇത്തരം ഏതു കള്ളപ്രചരണത്തെയും മറികടന്ന് ഇടതുപക്ഷം കേരളം ഭരിക്കുന്നത്. അത്രയെങ്കിലും ഓർക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.