കണ്ണൂർ: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്തിട്ട് ഇപ്പോൾ താൻ ഹരിശ്ചന്ദ്രനാണെന്ന് പറയുകയാണ് ഷാഫി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി. ജയരാജന്റെ പ്രതികരണം.
മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുവെന്നുമാണ് ഷാഫി ഇപ്പോൾ പറയുന്നത്. പോളിങ് തീരുന്ന സമയംവരെ എന്തുകൊണ്ട് അദ്ദേഹം ഇത് പറഞ്ഞില്ല. കെ.കെ ശൈലജ ഇസ്ലാമിനെതിരെ പ്രസംഗിച്ചെന്നും പറഞ്ഞ് യുഡിഎഫുകാർ പുറത്തിറക്കിയ വ്യാജ വീഡിയോയെ തിരഞ്ഞെടുപ്പ് തീരുന്നതുവരെ എവിടെയെങ്കിലും അദ്ദേഹം തള്ളപ്പറഞ്ഞിരുന്നോയെന്നും ജയരാജൻ ചോദിച്ചു.
തിരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും. എന്നാൽ, നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ലെന്നും പി. ജയരാജൻ പരിഹസിച്ചു.
ജയരാജന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്.പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്?
ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും.ജയിക്കും തോൽക്കും.പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്.ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.
മൂന്ന് തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു.
അമർ അക്ബർ അന്തോണി എന്ന സിനിമയിലെ “നല്ലവനായ ഉണ്ണി” യെപ്പോലെയാണ് ഷാഫി പറമ്പിൽ…
നിങ്ങൾ നടത്തിയ വർഗ്ഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല.വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും.