
കൊച്ചി:40 വർഷമായി പൊതുപ്രവർത്തനം നടത്തുന്ന പി സി ജോർജിന് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ അറിയില്ലേയെന്ന് ഹൈക്കോടതി. അബദ്ധം പറ്റിയതാണെന്ന് ജോർജ്. വിദ്വേഷപ്രസംഗത്തിൽ ജാമ്യം നൽകിയ കോടതിയുടെ വ്യവസ്ഥ ലംഘിച്ചില്ലേയെന്ന ചോദ്യത്തിനുള്ള മറുപടിയിലും ജോർജിൻ്റെ ഗതികേട് തെളിഞ്ഞുനിന്നു… പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു കോടതി ഉത്തരവ്, ഇത് ചാനൽ ചർച്ചയായിപ്പോയി, പ്രകോപിതനായപ്പോൾ പറ്റിപ്പോയതാണെന്നും ജോർജിന് വേണ്ടി വക്കീലിൻ്റെ മറുപടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ മറ്റന്നാളത്തേക്ക് മാറ്റിവച്ചു. ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്താറുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ജാമ്യ ഉത്തരവ് ലംഘിച്ചതിന് മുൻപും അറസ്റ്റ് ചെയ്യപ്പെട്ടതാണ്. 2022ൽ ഹൈക്കോടതി മറ്റൊരു കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് നിർദേശിച്ചിരുന്നു. അതിൻ്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പി സി ജോർജ് ഒരു സാധാരണക്കാരനല്ല. ഇത്ര കാലത്തെ പരിചയസമ്പത്തുമുള്ള ആളാണ്. ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ലെന്ന് എന്താണ് ഉറപ്പ്? ജാമ്യവ്യവസ്ഥകൾ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ ജോർജിനെ കാണുന്ന ജനങ്ങൾ കരുതൂ. നാളെ അവരും ഇങ്ങനെ പ്രസ്താവനകൾ നടത്തിയാൽ എന്താകും സ്ഥിതിയെന്നും കോടതി ചോദിച്ചു. ഇതോടെയാണ്, ജോർജ് ഇത് പറഞ്ഞിട്ടും നാട്ടിൽ മോശമായി ഒന്നും ഉണ്ടായില്ലെന്നും, ആളുകൾ ചിരിച്ചു തള്ളുകയാണ് ഉണ്ടായതെന്നും വാദിച്ച് അഭിഭാഷകൻ കാലുപിടിച്ചത്.