ഒറ്റമശേരി കൊലപാതകം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ അഞ്ച് പേര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം പ്രതികള്‍ നല്‍കണമെന്നും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതികളായ പട്ടണക്കാട് സ്വദേശി പോള്‍സണ്‍, സഹോദരന്‍ ടാലിഷ്, ലോറി ഡ്രൈവര്‍ ഷിബു, സഹോദരങ്ങളും ചേര്‍ത്തല സ്വദേശികളുമായ അജേഷ്, വിജേഷ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പട്ടണക്കാട് സ്വദേശി ജോണ്‍സണ്‍, സുഹൃത്തായ ജസ്റ്റിന്‍ എന്നിവരെ പ്രതികള്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2015 നവംബര്‍ 13 നാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. പെയിന്റിംഗ് ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങിയ ജോണ്‍സനെയും ജസ്റ്റിനെയും ഒറ്റമശേരിയില്‍ വച്ച് ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെ നാട്ടുകാര്‍ വാഹനവും ഡ്രൈവറായിരുന്ന ഷിബുവിനെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്.