തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം നല്കിയ നോട്ടീസ് നിയമസഭാ കാര്യോപദേശക സമിതി തള്ളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചട്ടം 130 അനുസരിച്ച് നല്കിയ നോട്ടീസാണ് തള്ളിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരങ്ങളേയും ചോദ്യം ചെയ്തെന്ന നിലപാടാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതിയില്‍ ഭരണ പ്രതിക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായത്. ഇതിനൊടുവിലാണ് പ്രമേയം തള്ളിയത്.