അബുദാബി: യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 700ലേറെ അധ്യാപകരുടെ ഒഴിവുകള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലാണ് അധ്യാപക ഒഴിവുകളുള്ളത്. കൂടുതല്‍ ഒഴിവുകളും ദുബൈയിലാണ്.
ദുബൈയ്ക്ക് പുറമെ അബുദാബിയിലും ഷാര്‍ജയിലും അധ്യാപക ഒഴിവുകളുണ്ട്. ജോബ് വെബ്സൈറ്റ് ടെസ് (മുമ്പ് ദ ടൈംസ് എജ്യൂക്കേഷനല്‍ സപ്ലിമെന്‍റ്) പ്രകാരം ദുബൈയില്‍ മാത്രം അധ്യാപകര്‍ക്കായി 500 ഒഴിവുകളാണുള്ളത്. അബുദാബിയില്‍ 150ലേറെയും ഒഴിവുകളുണ്ട്. ഷാര്‍ജയിലും നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജെംസ് എജ്യുക്കേഷൻ, തഅ്‍ലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്കൂളുകളിലാണ് കൂടുതൽ ഒഴിവുകൾ. സംഗീതം, കായികം, ക്രിയേറ്റിവ് ആർട്സ്, പെർഫോർമിങ് ആർട്സ് ഡയറക്ടർ, സ്പോർട്സ് ഡയറക്ടർ തുടങ്ങിയവയിലും ഒഴിവുണ്ട്. ദുബായ് ബ്രിട്ടീഷ് സ്കൂൾ എമിറേറ്റ്സ് ഹില്‍സില്‍ സംഗീത അധ്യാപകര്‍, കായിക പരിശീലകര്‍, ഹെഡ് ടീച്ചര്‍ എന്നീ ഒഴിവുകളാണുള്ളത്.
ജെംസ് വില്ലിങ്ടൺ ഇന്റർനാഷണൽ സ്കൂളില്‍ പെര്‍ഫോമിങ് ആര്‍ട്സ്, സ്പോര്‍ട്സ് മേധാവികളെയും ആവശ്യമുണ്ട്. എല്‍വെയര്‍ ജെംസ് മെട്രോപോള്‍ സ്കൂളില്‍ പ്രൈമറി വിഭാഗത്തില്‍ അസിസ്റ്റന്‍റ് ഹെഡിനെ ആവശ്യമുണ്ട്. എന്നാല്‍ അര്‍ക്കേഡിയ ഗ്ലോബല്‍ സ്കൂളിലേക്ക് സെക്കന്‍ഡറി സ്കൂള്‍ വിഭാഗം അസിസ്റ്റന്‍റ് ഹെഡിനെയാണ് വേണ്ടത്.
ദുബായ് ബ്രിട്ടിഷ് സ്കൂൾ ജുമൈറ പാർക്ക്, ജെംസ് വില്ലിങ്ടൺ ഇന്റർനാഷണൽ സ്കൂൾ, അർക്കാഡിയ ഗ്ലോബൽ സ്കൂൾ തുടങ്ങി പത്തോളം സ്കൂളുകളിൽ ഗണിത, ശാസ്ത്ര അധ്യാപകരെ ആവശ്യമുണ്ട്. ഈ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് 3,000 ദിർഹം കൂടുതൽ ശമ്പളം നൽകുന്ന സ്കൂളുകളുണ്ട്.
ഓരോ സ്കൂളിന്റെയും നിലവാരവും ഫീസും അധ്യാപകരുടെ യോഗ്യതയും തൊഴിൽ പരിചയവും അനുസരിച്ച് 3,000 മുതൽ 17,000 ദിർഹം വരെ ശമ്പളം നൽകുന്നുണ്ട്. ബ്രിട്ടിഷ്, അമേരിക്കൻ, യുഎഇ സ്കൂളുകളിലാണ് ശമ്പളം കൂടുതൽ. കുറഞ്ഞ ഫീസുള്ള ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് 3,000 ദിർഹം മുതലാണ് ശമ്പളം. അതതു സ്കൂളിന്റെ വെബ്സൈറ്റ് വഴിയോ അധ്യാപക റിക്രൂട്ടിങ് വെബ്സൈറ്റുകൾ മുഖേനയോ അപേക്ഷകള്‍ അയയ്ക്കാം.