കൊല്ലം: റേഷൻ വിഹിതം വാങ്ങി കഞ്ഞിവച്ചിരുന്നവർ വൈകാതെ പച്ചരിക്കഞ്ഞിയും കുടിക്കേണ്ടി വരും. നേരത്തെ അടിച്ചേൽപ്പിച്ചിരുന്ന പുഴുക്കലരി ഇപ്പോൾ റേഷൻകടകളിൽ കിട്ടാനില്ല. പകരം പച്ചരി പ്രളയമാണ്.
എ.എ.ഐ വിഭാഗത്തിലെ കാർഡിന് നേരത്തെ അഞ്ച് കിലോ പച്ചരിയും പുഴക്കലരിയും കുത്തരിയും വിവിധ അളവുകളിലായി ആകെ 25 കിലോയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊല്ലം താലൂക്കിൽ പച്ചരി വിഹിതം 10 കിലോയായി ഉയർത്തി. പകരം പുഴുക്കലരി നാല് കിലോയായും കുത്തരി 16 കിലോയായും ചുരുക്കി.
മുൻഗണനാ വിഭാഗ കാർഡിലെ ഒരംഗത്തിന് അടുത്ത സമയം വരെ ഒരു കിലോ പച്ചരി, രണ്ട് കിലോ കുത്തരി, ഒരു കിലോ പുഴുക്കലരി എന്നിങ്ങനെയായിരുന്നു വിഹിതം. ഇപ്പോൾ പച്ചരിയുടെ അളവ് മൂന്ന് കിലോയായി ഉയർത്തി. പുഴുക്കലരി ഒരു കിലോ കിട്ടുന്നുണ്ടെങ്കിലും കുത്തരി ഒരു നുള്ളുപോലും കിട്ടുന്നില്ല.
സംസ്ഥാനത്തിനുള്ള റേഷൻ വിഹിതത്തിൽ പച്ചരിയുടെ അളവ് 50 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയതാണ് പ്രശ്നത്തിന് കാരണം. ഗോഡൗണുകളിൽ കേന്ദ്രത്തിൽ നിന്ന് എത്തുന്നതിൽ ബഹുഭൂരിപക്ഷവും പച്ചരിയാണ്.അതിനാൽ വിതരണ ക്രമത്തിലും പച്ചരിയുടെ അളവ് ഉയർത്തുകയായിരുന്നു.
സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങി വിതരണം ചെയ്യുന്ന കുത്തരി പല റേഷൻകടകളിലും സ്റ്റോക്കുണ്ട്. പക്ഷെ അടുത്തമാസം മുതൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തിൽ പച്ചരിയുടെ അളവ് 70 ശതമാനമാകും. ഇതോടെ വിതരണക്രമത്തിൽ അരിയുടെ അളവ് പെട്ടെന്ന് കൂടുതൽ വെട്ടിക്കുറയ്ക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോൾ കുത്തരി സ്റ്റോക്കുണ്ടായിട്ടും പച്ചരിക്ക് പകരം വിതരണം ചെയ്യാത്തത്.