CricketNewsSports

15 പേരെയേ ടീമിലെടുക്കാന്‍ കഴിയൂ,സഞ്ജു അടക്കമുള്ളവരുടെ ഒഴിവാക്കലില്‍ വിശദീകരണവുമായി:ഗംഭീർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനം നടത്തി ഗൗതം ഗംഭീര്‍. ഗൗതം ഗംഭീറിന്റെ മികവല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികവാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ 2027 ലോകകപ്പ് അവര്‍ക്ക് വിദൂരമല്ല. സൂര്യകുമാറിനെ ടി20 ക്യാപ്റ്റനാക്കിയത് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു സന്തോഷ ഡ്രസ്സിങ് റൂം ഒരുക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും ഗംഭീര്‍ പറഞ്ഞു.

ടി20 ചാമ്പ്യന്‍മാരായ, ഏകദിന ലോകകപ്പ് റണ്ണര്‍ അപ്പായ, വളരെ വിജയകരമായ ഒരു ടീമിനെയാണ് ഏറ്റെടുക്കുന്നത്. ജയ്ഷായുമായി തനിക്ക് അതിമനോഹരമായ ബന്ധമുണ്ട്. ഗൗതം ഗംഭീറിന്റെ മികവല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികവാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില ഊഹാപോഹങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുകയാണെന്ന മുഖവുരയോടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ടീമില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ കളിക്കാരനും ബുദ്ധിമുട്ടാണ്. പക്ഷേ, പതിനഞ്ചംഗ സ്‌ക്വാഡില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക സാധ്യമല്ല. റിങ്കു സിങ്ങിന് ടി20 ലോകകപ്പ് നഷ്ടമായത് സ്വന്തം തെറ്റുകൊണ്ടല്ല. ചെറിയ ഫോര്‍മാറ്റില്‍ അക്ഷര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരുമിച്ചെടുക്കുന്നതില്‍ അര്‍ഥമില്ല. അദ്ദേഹത്തെ ഒഴിവാക്കിയതല്ല. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. ജഡേജ ഇപ്പോഴും പ്രധാന കളിക്കാരന്‍ തന്നെയാണ്. ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് നമുക്ക് വലിയ ഇടവേളയുണ്ട്. തുടര്‍ന്ന് പത്ത് ടെസ്റ്റ് മത്സരങ്ങളുമുണ്ട്. അവയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആ പത്ത് മത്സരങ്ങളില്‍ ജഡേജ പ്രധാനമാണ്. അവയ്ക്കായി കാത്തിരിക്കുന്നു.

സൂര്യകുമാര്‍ യാദവിന്റെ ടി20 ബാറ്റിങ്ങിനെക്കുറിച്ച് ആശങ്കകളുണ്ടായിട്ടില്ല. ടി20 ക്യാപ്റ്റന്‍സി അദ്ദേഹത്തിന് നല്‍കുക എന്നത് ഒറ്റ രാത്രികൊണ്ട് എടുത്ത തീരുമാനമല്ല. നന്നായി ആലോചിച്ചാണ് അത് ചെയ്തത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് ഫിറ്റ്‌നസ് തുടരാന്‍ കഴിഞ്ഞാല്‍ 2027 ലോകകപ്പും അവര്‍ക്ക് അകലെയല്ല. ഇരുവരിലും ഇനിയുമെത്ര ക്രിക്കറ്റ് അവശേഷിക്കുന്നുവെന്ന് പറയാനാവില്ല. ടീമാണ് പ്രധാനം. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള താരം.

ഡ്രസ്സിങ് റൂമില്‍നിന്ന് അതാണ് കേള്‍ക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന് നേതൃഗുണങ്ങളുമുണ്ട്. അത് വികസിപ്പിക്കാനും അനുഭവ പരിചയങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നു. എന്നാലും ഉറപ്പുകളൊന്നും നല്‍കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഋഷഭ് പന്ത് വളരെക്കാലങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയതാണ്. ഗില്ലിനെ ഒരു മൂന്ന് ഫോര്‍മാറ്റ് താരമായാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടീമില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ കളിക്കാരനും വേദന നിറഞ്ഞ കാര്യമാണ്. പക്ഷേ, 15 അംഗ സ്‌ക്വാഡിനെ രൂപപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പണി. ടി20 ലോകകപ്പിനു മുന്‍പ് വളരെ മികച്ച ഫോമിലായിരുന്നിട്ടും റിങ്കു സിങ് ടീമില്‍ ഉള്‍പ്പെട്ടില്ല. ഞങ്ങള്‍ക്ക് 15 പേരെയേ എടുക്കാന്‍ കഴിയൂ. കളിക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നത് പ്രധാനമാണ്. ഒരു കോച്ചും ഒരു കളിക്കാരനും എന്ന തരത്തിലായിരിക്കില്ല, വിശ്വാസത്തിലധിഷ്ഠിതമായിരിക്കും ബന്ധം. എപ്പോഴും പിന്തുണ നൽകും.

സന്തോഷകരമായ ഡ്രസ്സിങ് റൂം സൃഷ്ടിക്കും. അത് വിജയത്തിന് പ്രധാനമാണ്. സന്തോഷകരവും സുരക്ഷിതവുമായ ഡ്രസ്സിങ് റൂം ഒരുക്കുന്നതിന് ഞാനും സഹപരിശീലകരും കൂടെയുണ്ടാവും. കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സപ്പോര്‍ട്ടിങ് സ്റ്റാഫിനേക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. റിയാനും അഭിഷേക് നയ്യാര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുപരിചയമുണ്ട്.

ആരും കൊതിക്കുന്ന അപൂര്‍വ ബൗളറാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തെ പ്രധാന മത്സരങ്ങളില്‍ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റ് ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലും ഇത് പരിഗണിക്കുന്നുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും കളിക്കാം. രോഹിത്തും വിരാടും ടി20യില്‍നിന്ന് വിരമിച്ചു. ഇനിമുതല്‍ അവര്‍ രണ്ട് ഫോര്‍മാറ്റുകളില്‍ കളിക്കും. കൂടുതല്‍ മത്സരങ്ങളില്‍ അവരുണ്ടാകുമെന്നാണ് പ്രതീക്ഷ.

കോലിയുമായുള്ള ബന്ധത്തേക്കുറിച്ചും ഗംഭീർ വ്യക്തമാക്കി. ഈനിമിഷംമുതല്‍ ഞങ്ങള്‍ 140 കോടി ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്യുന്നു. കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ തമ്മില്‍ മികച്ച ഒരു ബന്ധമുണ്ട്. അത് പബ്ലിക്കല്ല. മത്സരത്തിന് മുന്‍പോ ശേഷമോ അദ്ദേഹവുമായി എത്ര സമ്പര്‍ക്കം പുലര്‍ത്തിയെന്നത് പ്രധാനമല്ല. ഒരു സമ്പൂര്‍ണ പ്രൊഫഷണലായി, ഒരു ലോകോത്തര താരമായി അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷമി പന്തെറിയാന്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 19-നാണ് ആദ്യ ടെസ്റ്റ്. അതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് തിരിച്ചെത്താനാകുമോ എന്ന് എന്‍.എ.സി.യിലെ ആളുകളുമായി സംസാരിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker