കണ്ണൂർ: കണ്ണൂരിൽ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിലായിരിക്കുന്നു. വ്യാജ മേൽവിലാസം ഉപയോഗിച്ച് 30 ഐഫോണുകളും ഒരു ക്യാമറയുമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് കണ്ണൂർ ഇരിട്ടി മേഖലയിലേക്ക് അയച്ച സാധനങ്ങളാണ് മൂന്നംഗ സംഘം വിദഗ്ധമായി തട്ടിയെടുത്തത്.
കമ്പനികളുടെ വൻ ഓഫർ ഉള്ള സമയത്ത് വ്യാജ മേൽവിലാസത്തിൽ ഉൽപന്നങ്ങൾ ഓർഡർ ചെയ്യും. ഫോണുകൾ എത്തിയാൽ പാക്കറ്റിലെ സീൽ പൊട്ടാതെ മൊബൈൽ മാത്രം മാറ്റും. പകരം മംഗലാപുരത്ത് നിന്ന് വാങ്ങിയ ആയിരം രൂപയുടെ ഡമ്മി ഫോണുകൾ തിരികെ വയ്ക്കും. ശേഷം ഇത് മടക്കി അയക്കും. ഇതായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ് രീതി.
തട്ടിയെടുത്ത ഫോണുകൾ ഉപയോഗിക്കാതെ കണ്ണൂരിലും മംഗലാപുരത്തുമായി മറിച്ചു വിൽക്കുകയാണ് ഇവർ ചെയുന്നത്. ഇത്തരത്തിൽ ഇവർ തട്ടിയെടുത്തത് 30 ഐഫോണുകളും ഒരു ക്യാമറയും. ഇടപാടുകാർക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ ചുമതലയുള്ള ഫ്രാഞ്ചൈസിയുടെ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായത്. കരിക്കോട്ടക്കരി സ്വദേശിയിൽ നിന്നും മറ്റൊരാളിൽ നിന്ന് 20 ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പിലെ പ്രധാനി സംസ്ഥാനം വിട്ടതായി പൊലീസ് പറയുന്നു.