ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അച്ഛന്റെ പ്രായമുള്ളയാളെ കാണാന്‍ മാതാപിതാക്കളോട് പോലും പറയാതെ 16കാരി സഞ്ചരിച്ചത് 5585 കിലോ മീറ്റര്‍!!!
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട അച്ഛന്റെ പ്രായമുള്ള പുരുഷനെ കണാനായി കൗമാരക്കാരി വിമാനത്തില്‍ കയറി ലണ്ടനിലേക്ക് പറന്നു. ന്യൂയോര്‍ക്കിലെ താമസക്കാരിയായ വിക്ടോറിയ ഗ്രബൗസ്‌കിയാണ് മാതാപിതാക്കള്‍ അറിയാതെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടയാളെ കാണാന്‍ ലണ്ടനിലേക്ക് പറന്നത്. വിമാന ടിക്കറ്റിനുള്ള പണം ഡോളര്‍ ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. എന്നാല്‍ ഈ പണം വിക്ടോറിയയ്ക്ക് എങ്ങനെ ലഭിച്ചുവെന്ന് മാതാപിതാക്കള്‍ക്കും അറിയില്ല.
വിക്ടോറിയയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ന്യൂയോര്‍ക്ക് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസാണ് വിക്ടോറിയ ലണ്ടനിലേക്ക് പോകാനായി വിമാന ടിക്കറ്റ് എടുത്തതായി കണ്ടെത്തിയത്. മാത്രമല്ല ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്നു പുറപ്പെട്ട വിക്ടോറിയ തിങ്കളാഴ്ച പുലര്‍ച്ചെ ലണ്ടനിലെത്തിയതായും പോലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താനായി യുകെ പോലീസിന്റെ സഹായം തേടാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് പോലീസ്. പോളിഷ് പൗരത്വമുള്ളയാളാണ് വിക്ടോറിയ. തന്റെ പോളിഷ് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് വിക്ടോറിയ ലണ്ടനിലേക്ക് പോയതെന്നാണ് വിവരം.
ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള മാസ്‌ബെത്തിലെ സ്വന്തം വീടിന്റെ മുന്നിലാണ് വിക്ടോറിയയെ അവസാനമായി കാണുന്നത്. ഏതാനും നാളുകളായി വിക്ടോറിയ ലണ്ടനിലുള്ള ഒരു പ്രായമുള്ള മനുഷ്യനുമായി ടെക്സ്റ്റ് മെസേജുകള്‍ കൈമാറിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വിക്ടോറിയ അയച്ച ടെക്സ്റ്റ് മെസേജുകളിലെ വിവരങ്ങള്‍ അനുസരിച്ച് ലണ്ടന്‍ ജീവിതത്തില്‍ ആകൃഷ്ടയായാണ് വിക്ടോറിയ അങ്ങോട്ടേക്ക് പുറപ്പെട്ടത്.