കൊല്ലം: ഓണ്‍ലൈനില്‍ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് ഇത്രയും വലിയ തുക നഷ്ടമായത്.
2500 രൂപയുടെ ചുരിദാറാണു പെണ്‍കുട്ടി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കിട്ടിയത് മോശം ചുരിദാര്‍ ആയതിനാല്‍ തിരിച്ചു നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണം തിരികെ വന്നില്ല. തുടര്‍ന്നു പെണ്‍കുട്ടി കസ്റ്റമര്‍ റിലേഷന്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പണം തിരികെ അയച്ചു തരാനാണെന്നു വിശ്വസിപ്പിച്ച് എ.ടി.എം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കാര്‍ഡ് നമ്പര്‍ നല്‍കി. അതില്‍ പണമില്ലെന്ന് മനസ്സിലായതോടെ അടുത്ത കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോണില്‍ വന്ന ഒ.ടി.പി നമ്പറുകള്‍ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു.
പിന്നീടാണ് പണം നഷ്ടമായത് അറിയുന്നത്. തുടര്‍ന്ന് പോലീസിലും ബാങ്ക് ശാഖയിലും പരാതി നല്‍കി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണു തട്ടിപ്പു സംഘം വിളിച്ചിരിക്കുന്നതെന്നു വ്യക്തമായി.