തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ വിദ്യാഭ്യാസ രീതിയായ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമാകുന്നുവെന്ന് പരാതി. പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസിന് സമയക്രമമുണ്ടെങ്കിലും ചില സ്വകാര്യ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ അമിതസമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ചില സ്വകാര്യ സ്‌കൂളുകള്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന ക്ലാസുകളാണ് ഓണ്‍ലൈനായി നടത്തുന്നത്. ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുമ്പോള്‍ ഇത് അഞ്ച് മണിക്കൂര്‍ വരെയാകുന്നുണ്ട്.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം പരാമാവധി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ക്ലാസുകളെ പാടുള്ളൂവെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് 30-45 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള നാല് സെഷനുകള്‍ വരെയാകാമെന്നും എം.എച്ച്.ആര്‍.ഡി പുറത്തിറക്കിയ മാര്‍ഗരേഖയിലുണ്ട്.
പൊതുവിദ്യാലയങ്ങളില്‍ വിക്ടേഴ്‌സ് വഴി നടത്തുന്ന ക്ലാസ് ഈ സമയക്രമം പാലിക്കുന്നുണ്ടെങ്കിലും ഈ ക്ലാസുകള്‍ക്ക് ശേഷം ക്ലാസ് അദ്ധ്യാപകര്‍ നല്‍കുന്ന ഗൃഹപാഠം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ തന്നെ ഉപയോഗിക്കേണ്ടി വരുന്നു. ഫലത്തില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്ന സമയം കൂടും.
മണിക്കൂറുകള്‍ നീളുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മാനസികാരോഗ്യവിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതെ ഫലപ്രദമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.