തൃശൂര്‍: സംസ്ഥാനത്ത് മദ്യത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തില്‍ വീടുകളില്‍ രഹസ്യമായി മദ്യം എത്തിച്ചുനല്‍കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച്, മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ആളുകളെ പ്രലോഭിപ്പിക്കും. വിളിക്കുമ്പോള്‍ മധുരതരമായ സംഭാഷണത്തിലൂടെ ഉപഭോക്താവിനെ ഇവര്‍ വലയിലാക്കും. തുടര്‍ന്ന്, ഉപഭോക്താവിനെ വിശ്വസിപ്പിച്ച് മദ്യത്തിന്റെ വില ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ അടയ്ക്കാന്‍ ആവശ്യപ്പെടും. പണമടച്ചു കഴിഞ്ഞാല്‍ മദ്യം നല്‍കാതെ ചതിക്കുന്നതാണ് ഒരു രീതി.
ഉപഭോക്താവിന്റെ ഫോണിലേക്ക് തട്ടിപ്പുകാര്‍ ക്യൂ.ആര്‍ കോഡ് അയച്ചുനല്‍കും. ഈ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലെ തുകയും നഷ്ടപ്പെടും. തൃശൂര്‍ സിറ്റി പൊലീസിന്റെ സമൂഹ മാധ്യമ വിഭാഗമാണ് ഇത്തരം തട്ടിപ്പുസംഘങ്ങളെക്കുറിച്ച് കണ്ടെത്തിയത്.
എന്നാല്‍ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാധാരണക്കാരും മദ്യ ഉപയോഗം അത്യാവശ്യമായവരും ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന അംഗീകരിച്ചിട്ടില്ലെന്നും കമീഷണര്‍ ആര്‍. ആദിത്യ അറിയിച്ചു.