കൊച്ചി:മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നു കളഞ്ഞെന്നു സംശയം. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടണ്‍ സവാളയാണ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയില്‍ എത്താത്തത്.
ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാര്‍ക്കറ്റില്‍ സവാള മൊത്തവില്‍പന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വിപണിയില്‍ 65 രൂപയ്ക്ക് മുകളിലാണ് നിലവില്‍ സവാളയുടെ വില. 25 ടണ്‍ സവാളയ്ക്ക് ഏകദേശം 16 ലക്ഷം രൂപയ്ക്കു മുകളില്‍ വിപണി മൂല്യം വരുന്നതാണ്.
ഡ്രൈവറെ ഫോണില്‍ വിളിക്കുമ്ബോള്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ലോറി എത്താഞ്ഞതില്‍ അന്വേഷിക്കാനായി മഹാരാഷ്ട്രയിലേക്കു വിളിച്ചപ്പോള്‍ 25നു തന്നെ ലോറി പുറപ്പെട്ടിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. ട്രാന്‍സ്പോര്‍ട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കും ഡ്രൈവറെക്കുറിച്ചോ വാഹനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അറിയിച്ചത്.