തിരുവനന്തപുരം: ഏക സിവിൽ കോഡിൽ ഇടതുപക്ഷം നടത്താനിരിക്കുന്ന സെമിനാറിൽ നിന്ന് വിട്ടുനിന്ന മുസ്ലിം ലീഗിനെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.
കോൺഗ്രസിൻ്റെ കൂടെ ഉറച്ചു നിൽക്കുമെന്ന ലീഗ് തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. കോൺഗ്രസ് ലീഗ് നേതാക്കളെ സ്വാധീനിച്ച് സെമിനാറിലേക്കുളള ക്ഷണം നിരസിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നും കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
മുസ്ലിം ലീഗിന് രാവിലെ ഒരഭിപ്രായവും ഉച്ചയ്ക്ക് മറ്റൊന്നും വൈകിട്ട് മൂന്നാമതൊരഭിപ്രായവുമാണ്. വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും. ഇത് കോൺഗ്രസിന് മുസ്ലിം ലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ലീഗിന്റെ സ്വപ്നത്തിന് മേൽ ലീഗ് തന്നെ കഫംപുട (ശവക്കച്ച) വിരിച്ചെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി.
ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സിപിഐഎം നടത്താനിരുന്ന പരിപാടിയിലേക്ക് ക്ഷണിച്ചവരില്‍ ഒരാള്‍ വരാതിരുന്നാല്‍ അത് തിരിച്ചടി ആകുന്നതെങ്ങനെയെന്നായിരുന്നു എം വി ഗോവിന്ദന്റെ ചോദ്യം.
ഇത്തരം വിഷയങ്ങളില്‍ ഐക്യം ശക്തിപ്പെടുത്തിക്കൊണ്ട് പോകാനാണ് മുസ്ലിം ലീഗും തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ സെമിനാറിന് എത്തിച്ചേരാന്‍ കഴിയില്ലെന്നതാണ് അവര്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
‘ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ സമീപനമില്ല. ഒരോ സംസ്ഥാനത്തിലും ഓരോ സമീപനമാണ് . പൊതുസാഹചര്യം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിളിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്’, എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.