തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശന്‍ (38) ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ തൂങ്ങിമരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് മുരുകേശന്റേത്. മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശിയായ ഉണ്ണി ഉച്ചയോടെ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ നിന്ന് ചാടിപ്പോയ ഇയാളെ ഇന്നലെ അധികൃതര്‍ പിടികൂടി വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും ഇന്ന് രാവിലെ വാര്‍ഡിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നെങ്കിലും ഇയാളുടെ പിന്നീട് നടത്തിയ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.
മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തിറങ്ങിയത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രമാണ് ഇയാള് ധരിച്ചിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.