കോഴിക്കോട്: ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി.
അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപയുടെ പശ്ചാത്തലത്തിൽ ഇന്ന്മ ന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും.
11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.
നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. ഇതിനിടയിലാണ് ഒരാൾ കൂടി നിപ പോസിറ്റീവാകുന്നത്.