KeralaNews

18 അടി താഴ്ചയില്‍ മണ്ണിനടിയില്‍ ഒരാള്‍കൂടി; രക്ഷാപ്രവര്‍ത്തനം നാല് മണിക്കൂര്‍ പിന്നിട്ടു,നാലു മരണം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മണ്ണിനടിയില്‍ അകപ്പെട്ട ഒരു അന്യസംസ്ഥാന തൊഴിലാളിയെ കൂടി ഇനി പുറത്തെടുക്കാനുണ്ട്. മുഹമ്മദ് നൂറുള്ള എന്ന ആളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ബംഗാളില്‍ നിന്നുള്ള ഏഴ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ നാലുപേരുടെ മരണം സ്ഥിരീകരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയില്‍ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മറ്റുനാല് പേരെ മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് മണ്ണിനടിയില്‍നിന്ന് പുറത്തെടുക്കാനായത്. കൂടുതല്‍ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാന്‍ കഴിയാതെ വന്നത്.

18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിനായി എത്തിച്ച ജെസിബിയുടെ സഹായത്തോടെയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴിയിലേക്ക് വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസും അഗ്‌നിരക്ഷാ സേനയും വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിനേയും ഇങ്ങോട്ടെത്തിച്ചിരുന്നു. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

അതിനിടെ, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍, കുടൂസ് മണ്ഡല്‍, നൗജേഷ് അലി, നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button