‘വണ്‍’ പിണറായി വിജയന്റെ കഥയോ? വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍
കൊച്ചി: മമ്മൂട്ടി നായകനായ ‘വണ്‍’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
‘പൊതുജനങ്ങളുടെ വീക്ഷണ കോണില്‍ നിന്നാണ് നമ്മള്‍ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുന്‍വിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’ – തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു.
‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയില്‍ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത്’ – സഞ്ജയ് വിശദീകരിച്ചു.സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, മധു, അലന്‍സിയര്‍, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.