CricketNewsSports

ഏകദിന ക്രിക്കറ്റ് നിർത്തലാക്കണം,നിർദ്ദേശവുമായി പാക്ക് ക്രിക്കറ്റ് ഇതിഹാസം

ഇസ്ലാമാബാദ്: ടി20 വരവോടെ ഏകദിന ക്രിക്കറ്റിന്റെ പ്രചാരത്തിന് മങ്ങലേറ്റിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്നുള്ള കാരണമാണ് സ്റ്റോക്‌സ് (Ben Stokes) ചൂണ്ടികാണിച്ചത്. അതേസമയം, ടി20യിലും ടെസ്റ്റിലും തുടരുമെന്ന് അറിയിക്കുകയും ചെയ്തു. വരുകാലത്ത് ക്രിക്കറ്റ് ടി20- ടെസ്റ്റ് ഫോര്‍മാറ്റ് മാത്രമായി ചുരുങ്ങുമെന്ന സൂചന കൂടിയാണ് സ്‌റ്റോക്‌സ് നല്‍കുന്നത്.

ഇപ്പോള്‍ പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രമിന്റെ (Wasim Akram) വാക്കുകളും സ്‌റ്റോക്‌സ് നല്‍കുന്ന സൂചനയുടെ ശക്തി കൂട്ടുന്നു. ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടി20 ക്രിക്കറ്റിന് ശേഷം ഏകദിനങ്ങള്‍ വലിയ മടുപ്പുളവാക്കുന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ ക്ഷീണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഏകദിന ഫോര്‍മാറ്റ് എടുത്ത് മാറ്റണമെന്നാണ് എന്റെ അഭിപ്രായം. 

ടി20 ക്രിക്കറ്റ് നാല് മണിക്കൂറിനുള്ളില്‍ അവസാനിക്കും. ലോകത്താകമാനം ലീഗുകളുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നു. മോഡേണ്‍ ക്രിക്കറ്റ് ഇങ്ങനെയാണ്. ട്വന്റി20 അല്ലെങ്കില്‍ ടെസ്റ്റ്. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ഏകദിനങ്ങള്‍ കാണാന്‍ ആളില്ല. ആദ്യ 10 ഓവറിന് ശേഷം സിംഗിള്‍ എടുത്ത് പോകാമെന്ന നിലയാണ്. 40 ഓവറില്‍ 200 റണ്‍സ് നേടിയതിന് ശേഷം അവസാന 10 ഓവറില്‍ അടിച്ച് കളിക്കാമെന്നും തീരുമാനങ്ങളുണ്ടാവുന്നു.” അക്രം പറഞ്ഞുനിര്‍ത്തി.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ഭാവിയില്‍ നിരവധി താരങ്ങള്‍ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി തന്നെ വലിയ പ്രതിസന്ധിയിലാകുമെന്നും ഓജ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സ്റ്റോക്‌സ് പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്മാരാക്കുന്നതില്‍ സ്റ്റോക്‌സ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 84 റണ്‍സെടുത്ത് മത്സരം ടൈ ആക്കിയ സ്റ്റോക്‌സ് ആണ് കളി സൂപ്പര്‍ ഓവറിലേക്ക് നീട്ടിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker