EntertainmentKeralaNews

ഒരു കോടി നഷ്ടപരിഹാരം വേണം; ആര്‍ഡിഎക്‌സ് സംവിധായകനെതിരെ നിര്‍മാതാക്കള്‍ കോടതിയില്‍

കൊച്ചി: മലയാള സിനിമയില്‍ നിന്നും കുറച്ചുകാലമായി പണം തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നത് വലിയ വിവാദമായ മാറിയിരുന്നു. ഇതിന് പിന്നിലെ സമാനമായ മറ്റു സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും പുറത്തുവന്നു. സിനിമയില്‍ നിന്നും വീണ്ടുമൊരു നിയമ വ്യവഹാരത്തിന്റെ കഥയാണ് പുറത്തുവരുന്നത്.

ആര്‍ഡിഎക്‌സ് സിനിമയുടെ സംവിധായകനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു എന്നതാണ് വാര്‍ത്ത. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംവിധായകന്‍ നഹാസിന് കോടതി സമന്‍സ് അയച്ചു. സംവിധായകന്‍ കരാര്‍ പാലിക്കാതെ വഞ്ചിച്ചു എന്നതാണ് ആരോപണം.

കരാര്‍ ലംഘനം ആരോപിച്ചാണ് ആര്‍.ഡി.എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തിനെതിരെ നിര്‍മ്മാതാവ് സോഫിയ പോളും നിര്‍മ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആര്‍ഡിഎക്‌സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ടാമത്തെ സിനിമയും ഇതേ നിര്‍മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറില്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്‍കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നല്‍കണമെന്നാണ് ആവശ്യം.

ഹര്‍ജിയില്‍ ഓഗസ്റ്റ് ആറിന് ഹാജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചു. സമന്‍സ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു. നേരത്തെ സിനിമയ്ക്കായി 6 കോടി രൂപ മുതല്‍മുടക്കിയിട്ടും കരാര്‍ പ്രകാരമുള്ള ലാഭവിഹിതവും, കണക്കും നല്‍കിയില്ലെന്ന് ആരോപിച്ച് സോഫിയ പോളിനെതിരെ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker