ഇടുക്കി: ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് മാനേജറുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. വസീമിന്റെ സഹോദരന്‍ ഭഗത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ്.
ഒക്ടോബര്‍ 31 മുതല്‍ കാണാതായ റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ സമീപത്തു നിര്‍മിക്കുന്ന മഴവെള്ള സംഭരണിയോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് തുണിയോ കയറോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിജോഷിനെ കാണാതായതു സംബന്ധിച്ചു നവംബര്‍ നാലിന് ബന്ധുക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നു ഫോണില്‍ വിളിച്ചിരുന്നതായാണു മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് വസീമിന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.
ഇതിനിടെ, റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ കിട്ടുകയും പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലിജിയും വസീമും പോലീസിന്റെ നിരീക്ഷണത്തിലായി. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. ലിജിയും കാമുകനായ വസിമും ചേര്‍ന്നു റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണു പോലീസ് സംശയിക്കുന്നത്.