നെതര്‍ലാന്റ്സ്: ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച് ആരോഗ്യവകുപ്പ്. നവംബര്‍ 19,23 തീയതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു.
ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് മുന്നെ എങ്ങനെയാണ് യൂറോപ്പില്‍ അസുഖം എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒമിക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
രോഗം സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷണവും ഇല്ലാത്തവരോ അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആയിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍, വിദേശത്ത് പോവുകയോ നാട്ടില്‍ മാറ്റാരുമായി സമ്പര്‍ക്കമില്ലാതിരുന്ന യുവാവിന് ജര്‍മനിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ലാ റിയൂനിയന്‍ ദ്വീപിലും സ്‌കോട്ട്ലന്‍ഡിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പുതിയ വകഭേദത്തെ കണ്ടെത്തിയതിനും അത് ആരോഗ്യ സംഘടനയെ അറിയിച്ചതിനും തന്റെ രാജ്യത്തെ എല്ലാവരും ചേര്‍ന്ന് ശിക്ഷിക്കുകയാണെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റാമാഫോസ് പറഞ്ഞിരുന്നു. ‘അശാസ്ത്രീയമായും വിവേചനത്തിലൂടെയും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ ഒരു വൈറസിനേയും തടയാന്‍ ശ്രമിക്കരുത്. എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നത് പോലുള്ള നടപടികളാണ് പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള മികച്ച വഴികള്‍,’ സിറിന്‍ പറഞ്ഞു.
അതോടൊപ്പം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിനെ ഒമിക്രോണ്‍ വ്യാപനം ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ കൊവിഡ് വാക്സിനുകള്‍ക്ക് ഒമിക്രോണിനെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.