ദേശീയ പാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് കൈയടിച്ച് സംവിധായകന്‍ സംവിധായകന്‍ ഒമര്‍ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഒമര്‍ ലുലു തന്റെ അഭിനന്ദനമറിയിച്ചത്.
ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്നായിരുന്നു ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോസ്റ്റിന് കീഴില്‍ സര്‍ക്കാരിന് അനുകൂലമായും പ്രതികൂലമായും കമന്റുകള്‍ നിറയുന്നുണ്ട്. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനകീയ വികസനത്തിന്റെ ബദല്‍ മാതൃകയായി ദേശീയ പാത-66-ന്റെ വികസനം ചരിത്രത്തില്‍ അടയാളപ്പെടുത്തും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.