മസ്‍കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ജാഗ്രതയോടെ ഒമാൻ ദേശീയ ദുരന്തനിവാരണ സമിതിമസ്‍കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നത് സംബന്ധിച്ച് ഒമാൻ ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. അടുത്ത 72 മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.
മത്സ്യബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളില്‍ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഒമാൻ കൃഷി – മത്സ്യ – ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
വടക്കു കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കാറ്റഗറി – 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
ഒക്ടോബർ മൂന്നാം തീയതി ഞാറാഴ്‍ച വൈകുന്നേരത്തോടു കൂടിയായിരിക്കും ഷഹീൻ ചുഴലിക്കാറ്റ് മസ്‍കത്ത് ബാത്തിന ഗവര്‍ണറേറ്റുകളിലെ തീരം തൊടുന്നത്. മസ്‍കത്ത്, ബാത്തിന എന്നി ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ ഞാറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റോടു കൂടിയ മഴ പെയ്‍തുതുടങ്ങും. 150 മുതൽ 600 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു.