മസ്‌കറ്റ് : 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 23 വിദേശ രാജ്യങ്ങള്‍ക്കാണ് ഒമാന്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകില്ലെന്നാണ് ഭരണകൂടം അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനമെടുത്തത്.
ഇന്ത്യയെ കൂടാതെ ബ്രിട്ടന്‍, ലബ്‌നാന്‍, ടുണീഷ്യ, ഇറാഖ്, ഇറാന്‍, ബ്രൂണെ, ലിബിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, ഘാന, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, സിയറ ലിയോണ്‍, കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ വിദേശ രാജ്യങ്ങള്‍ക്കാണ് വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ചില രാജ്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ജര്‍മനിയും മാലിദ്വീപുമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കിയത്. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് വൈകാതെ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊറോണ വ്യാപന നിരക്ക് കുറഞ്ഞിരിക്കുകയാണ്. ഇതാണ് പ്രത്യാശയ്ക്ക് ഇട നല്‍കുന്നത്.
അതേസമയം, ഇന്ത്യക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി സെര്‍ബിയ ഭരണകൂടം. നിരവധി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സെര്‍ബിയ വഴിയാണ്. ഇവിടെ പെട്ടെന്ന് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതോടെ 200ലധികം പേര്‍ ബെല്‍ഗ്രേഡ് വിമാനത്താവളത്തില്‍ കുടങ്ങി. വെള്ളിയാഴ്ചയാണ് പുതിയ ചട്ടം സെര്‍ബിയ കൊണ്ടുവന്നത്. ഇതറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെ പേര്‍ സെര്‍ബിയയില്‍ കുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സെര്‍ബിയയില്‍ എത്താനിരിക്കുകയാണ്. ഇവരും പ്രതിസന്ധിയിലാകും. അമേരിക്കയും കാനഡയും ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം നിരോധിച്ച സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ സെര്‍ബിയ വഴിയാണ് പോയിരുന്നത്.