വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വിവാഹ മോചനത്തിന്റെ ആവശ്യമില്ല; വിവാഹമോചന വാര്‍ത്തകളോട് നുസ്രത്ത് ജഹാന്‍ എം.പി
കൊല്‍ക്കത്ത: വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് പശ്ചിമബംഗാളില്‍ നിന്നുള്ള നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍. വ്യവസായിയായ നിഖില്‍ ജെയിനുമായി താന്‍ വേര്‍പിരിഞ്ഞുവെന്ന് നുസ്രത്ത് ജഹാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറെ നാളായി വേര്‍പിരിഞ്ഞാണ് ജീവിതം. ഇന്ത്യയില്‍ തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് വിശദീകരിച്ചു.
‘വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല. ഞങ്ങളുടേതിനെ വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതു തന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത്’- നുസ്രത്ത് വ്യക്തമാക്കി.
2019ല്‍ തുര്‍ക്കിയില്‍ വെച്ചാണ് നടിയായ നുസ്രത്ത് ജഹാന്‍ വ്യവസായിയായ നിഖില്‍ ജെയ്നിനെ വിവാഹം ചെയ്തത്. അതേവര്‍ഷം തന്നെയാണ് താരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. പാര്‍ലമെന്റിലടക്കം നുസ്രത്തിന്റെ വിവാഹം വിവാദമാക്കാനും എതിരാളികള്‍ ശ്രമിച്ചിരുന്നു.
വ്യത്യസ്ത മതക്കാരായതിനാല്‍ ഇന്ത്യയ്ക്ക് പുറ്തതുവെച്ചാണ് വിവാഹം നടത്തിയതെന്ന് നുസ്രത്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. അന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ബിജെപിക്ക് എതിരെ ലോക്സഭയിലടക്കം ശബ്ദമുയര്‍ത്തി ശ്രദ്ധേയായ നുസ്രത്ത് ജഹാന് ശത്രുക്കളുടെ എണ്ണത്തിലും കുറവില്ല.