31.1 C
Kottayam
Wednesday, May 15, 2024

കോട്ടയത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നഴ്‌സുമാരുടെ ഇന്റര്‍വ്യൂ; വിവാദമായതോടെ ഇന്റര്‍വ്യൂ നിര്‍ത്തിവെച്ചു

Must read

കോട്ടയം: കോട്ടയത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി നഴ്‌സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. നൂറുകണക്കിന് നഴ്‌സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത്. കോട്ടയത്തെ കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ആശുപത്രി വികസന സമിതിയാണ് 21 താല്‍ക്കാലിക നഴ്‌സുമാര്‍ക്കായി അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയതാണ് പ്രശ്‌നമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്റര്‍വ്യു നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതോടെ ഇന്റര്‍വ്യു നിര്‍ത്തിവെച്ചു.

കൊവിഡ് ബാധിച്ചും അല്ലാതെയും നൂറുകണക്കിന് രോഗികള്‍ എത്തുന്ന സ്ഥലമാണ് ജനറല്‍ ആശുപത്രി. ഇവിടെ ജീവനക്കാര്‍ക്കു വരെ കൊവിഡ് ബാധിച്ച സംഭവം ഉണ്ടായിരുന്നു. നിരവധി രോഗികളാണ് ഇവിടെ എല്ലാ ദിവസവും എത്തി കൊവിഡ് പരിശോധന നടത്തുന്നതും. ഇതെല്ലാം നിലവില്‍ നില്‍ക്കെയാണ് മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് ആശുപത്രിയില്‍ അഭിമുഖം നടത്തിയിരിക്കുന്നത്.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു നില്‍ക്കാന്‍ പാടില്ലെന്നും, ആളുകള്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ആളുകളെ മുഴുവന്‍ ബോധവത്കരിക്കുന്ന ജില്ലയിലെ ആരോഗ്യ വിഭാഗം തന്നെയാണ് ഇത്തരത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആറോഗ്യ വിഭാഗത്തിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് ആവശ്യം.

അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതോടെ കോട്ടയം അതീവ ജാഗ്രതയില്‍ ആണ്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയ മൂന്നു പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കരുതലോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നീങ്ങുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരാത്തത് ജില്ലയ്ക്ക് ആശ്വാസമായി. എന്നാല്‍, ചങ്ങനാശേരി ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചു. നഗരസഭ ഒന്ന്, 21 വാര്‍ഡുകളാണ് ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍പ്പെട്ടത്. വാഴപ്പള്ളി, പെരുന്ന ഭാഗങ്ങളാണ് ഹോട്ട്‌സ്‌പോട്ടായത്. ഇതോടെ ഇടവഴികള്‍ പോലും ബാരിക്കേഡ് സ്ഥാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിനെയും ഡ്യൂട്ടിക്കിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week