30 C
Kottayam
Thursday, May 2, 2024

കന്യാസ്ത്രീ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; നേരറിയാന്‍ ക്രൈംബ്രാഞ്ച് വരുന്നു

Must read

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വന്റിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യയുടെ (21) മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം. ലോക്കല്‍ പോലീസ് അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം മധ്യമേഖല ക്രൈംബ്രാഞ്ച് ഐ.ജി സംഭവസ്ഥലത്ത് എത്തി നേരത്തെതന്നെ അന്വേഷണം നടത്തിയിരുന്നു.

മെയ് ഏഴിന് ഉച്ചയ്ക്ക് 12ഓടെയാണ് കോണ്‍വന്റ് അങ്കണത്തിലെ കിണറ്റില്‍ ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് വിട്ടുകൊടുക്കാന്‍ ആഭ്യന്ത്രര മന്ത്രാലയം തയാറായതെന്നാണ് അറിയുന്നത്.

27 വര്‍ഷം മുമ്പ് കോട്ടയം പയസ്‌ടെന്റ് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ കന്യസ്ത്രീ അഭയ മരിച്ച കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിലാണ്. ഈ കേസ് പൊതുജന മദ്ധ്യേ ഉയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദിവ്യയുടെ മരണത്തിലും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഭയയുടെ ജഡം കണ്ടെത്തിയതും കോണ്‍വെന്റിലെ കിണറ്റിലായിരുന്നു.

തിരുവല്ല ഡിവൈ.എസ്.പി പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിവ്യയുടെ ദുരൂഹമരണം അന്വേഷിക്കുന്നത്. മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്. ശരീരത്തിലുള്ള ചെറിയ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ദിവ്യ അകപ്പെട്ട കിണറിന്റെ ഇരുമ്ബിലുള്ള മൂടി മാറ്റി വച്ചിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ആത്മഹത്യ ആകാനുള്ള സാദ്ധ്യതയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചുങ്കപ്പാറ തടത്തേല്‍മലയില്‍ പള്ളിക്കാപറമ്ബില്‍ ജോണ്‍ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോണ്‍. ആറു വര്‍ഷം മുമ്ബ് മഠത്തില്‍ ചേര്‍ന്ന ദിവ്യ ഈ വര്‍ഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week