ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,30,98,743 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 20,303 സജീവ കേസുകളാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 3,168 പേർ രോഗമുക്തി നേടി. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇരുപത്തിരണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 5,24,024 ആയി.
ഡൽഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇരുപത്തിനാല് മണിക്കൂറിനിടെ 1,656 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയാണ്(582കേസുകൾ) തൊട്ടുപിന്നിൽ. കേരളത്തിൽ 400 പേരിലും, ഉത്തർപ്രദേശിൽ 320 പേരിലും, മഹാരാഷ്ട്രയിൽ 205 പേരിലുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്.