KeralaNews

ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ…; ദ്വീപില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ എന്‍.എസ് മാധവന്‍

കൊച്ചി: ലക്ഷദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി അമൂല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന നയത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്ത്. ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ എന്നാണ് അദ്ദേഹം അമൂലിനോട് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി വിജയം നേടി ലൂയി സുവാരസ് എന്ന അമൂലിന്റെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു എന്‍.എസ്.മാധവന്റെ പ്രതികരണം. ‘അത്ര സുന്ദരമല്ല. ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ. പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുത്. #സേവ്ലക്ഷദ്വീപ്’, എന്‍.എസ് മാധവന്‍ ട്വിറ്ററിലെഴുതി.

ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി അമൂല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഫാമുകള്‍ അടയ്ക്കുന്നതിലൂടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തില്‍ പാല്‍, പാല്‍ ഉത്പന്ന വിപണനം നിലയ്ക്കും. ഇതോടെ ജീവനക്കാര്‍ക്ക് ജോലിയും നിലയ്ക്കും.

നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker