പ്രവാസികളെ നാട്ടിലെത്തിയ്ക്കല്‍: നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഒരേ സമയം ഇന്ത്യക്കാരെ കൊണ്ടു വരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും. ഇതിനായി വിശദമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേണമെന്നുമാണ് കേന്ദ്ര നിലപാട്.
പ്രവാസികളുടെ കാര്യത്തില്‍ കേരളം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ വിശദീരിച്ചു. ആദ്യത്തെ ഒരു മാസം ഒരു ലക്ഷം പ്രവാസികള്‍ എത്തുകയാണെങ്കിലും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം കേരളം ഒരുക്കിയിട്ടുണ്ട്.അതേസമയം, ലോക്ക് ഡൗണിനു ശേഷം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ കര്‍മ്മ പദ്ധതികളില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. എന്തൊക്കെ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. യാത്രക്കാരുടെ മുന്‍ഗണനാ ക്രമം, വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈന്‍ സൗകര്യം, വാഹനങ്ങളില്‍ കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടിയത്.